
അഹമ്മദാബാദ്: മൂന്ന് ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് (35), യുപി സ്വദേശികളായ ആസാദ് സുലൈമാൻ ഷെയ്ഖ് (20), മുഹമ്മദ് സുഹൈൽ മുഹമ്മദ് സലീം ഖാൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിൽ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ റൈസിൻ തയ്യാറാക്കുന്നുണ്ടെന്നും മൂന്ന് നഗരങ്ങളിലെ തിരക്കേറിയ ഭക്ഷ്യ വിപണികളിൽ അദ്ദേഹം സർവേ നടത്തിയെന്നും തിങ്കളാഴ്ച ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര പഴം-പച്ചക്കറി മാർക്കറ്റായ ദില്ലിയിലെ ആസാദ്പൂർ മണ്ടി, അഹമ്മദാബാദിലെ നരോദ ഫ്രൂട്ട് മാർക്കറ്റ്, ലഖ്‌നൗവിലെ ആർഎസ്‌എസ് ഓഫീസ് എന്നിവിടങ്ങളിൽ കഴിഞ്ഞ ആറ് മാസമായി ഡോക്ടർ നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ജനക്കൂട്ടവും തിരക്കമുള്ള സ്ഥലങ്ങൾ ആക്രമണത്തിന് ലക്ഷ്യമിട്ടെന്നും എടിഎസ് അറിയിച്ചു.
അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് ആവണക്കെണ്ണയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന റൈസിൻ എന്ന പ്രോട്ടീൻ ആയുധമാക്കി, ആക്രമണത്തിന് ഉപയോഗിക്കാനുള്ള വഴികൾ അന്വേഷിക്കുകയായിരുന്നുവെന്ന് എ.ടി.എസ് പറഞ്ഞു. നവംബർ 7 ന് ഗുജറാത്ത് എ.ടി.എസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ റൈസിൻ വിഷബാധ അപൂർവമാണെന്നും സാധാരണയായി വലിയ അളവിൽ ഈ വിഷവസ്തു മാരകമാകുമെങ്കിലും, കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത വളരെ കുറവാണെന്നും സമയബന്ധിതമായ വൈദ്യസഹായം നൽകിയാൽ ചികിത്സിക്കാവുന്നതാണെന്നും വിദഗ്ദ്ധർ പറയുന്നു.
രാസവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും റൈസിൻ പരീക്ഷണാത്മകമായി തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുമായി എ.ടി.എസും കേന്ദ്ര ഏജൻസികളും ഇപ്പോൾ പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും വിശകലനം ചെയ്യുകയാണ്. സംസ്ഥാനങ്ങളിലുടനീളം പ്രവർത്തിക്കുന്ന നിരവധി സ്ലീപ്പർ സെല്ലുകളുള്ള ഒരു വലിയ ഐസിസ് ബന്ധമുള്ള ശൃംഖലയുടെ ഭാഗമാണിതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് സൂചന ലഭിച്ചു. ഇയാളിൽ നിന്ന് രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ബെറെറ്റ പിസ്റ്റൾ, 30 ലൈവ് കാട്രിഡ്ജുകൾ, നാല് ലിറ്റർ കാസ്റ്റർ ഓയിൽ എന്നിവയും പിടിച്ചെടുത്തു. സയ്യിദ് ചൈനയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയിട്ടുണ്ട്, കൂടാതെ ഐഎസിന്റെ പ്രാദേശിക ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യയിലെ (ഐഎസ്‌കെപി) അംഗമായ അബു ഖാദിമുമായി ബന്ധപ്പെട്ടിരുന്നുവെന്നും പറയുന്നു.