
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. മാസ്ക്കും ഹെൽമെറ്റും ധരിച്ചെത്തിയ സംഘം ഓഫീസ് ആക്രമിച്ച് ടിവി, പ്രിൻ്റർ ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി കടന്നു. കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പട്ടത്. ആക്രണത്തിന് പിന്നിൽ ബിജെപിയുടെ ഗുണ്ടകളാണെന്ന് ആരോപിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും അഭിഷേക് ബാനർജി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ആണ് ആക്രമണം നടന്നതെന്നാണ് അഭിഷേക് ബാനർജി പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഓഫീസിനുള്ളിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നതും ടിവി അടക്കമുള്ള ഉപകരണങ്ങളുമായി മാസ്ക് ധരിച്ചെത്തിയ സംഘം കടന്നുപോകുന്നതും കാണാം.
ആയുധധാരികളായ ബിജെപി ഗുണ്ടകളാണ് കൊൽക്കത്തയുടെ ഹൃദയഭാഗത്തുള്ള പാർട്ടി ഓഫീസ് തല്ലിത്തകർത്തതെന്നും നിയമവാഴ്ചയ്ക്ക് മേലുള്ള ലജ്ജാകരമായ ആക്രമണമാണ് നടന്നതെന്നും അഭിഷേക് ബാനർജി വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ആക്രമിക്കപ്പെട്ടുവെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. ഫോണുകൾ തട്ടിയെടുത്തുവെന്നും ഫർണിച്ചറുകൾ തകർത്തുവെന്നും ഓഫീസ് അപ്പാടെ അലങ്കോലപ്പെടുത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നും അഭിഷേക് ബാനർജി പറഞ്ഞു.
What happened at Camac Street this morning is a disgraceful assault on the rule of law.
At around 4.30 am, BJP hooligans, armed with weapons, stormed our party office in the heart of Kolkata. They attacked our people, snatched their phones, smashed furniture, ransacked the… pic.twitter.com/J3LrSsmKJI— Abhishek Banerjee (@abhishekaitc) September 3, 2026
കൊൽക്കത്ത പൊലീസ് എവിടെയായിരുന്നുവെന്ന് ചോദിച്ച അഭിഷേക് ബാനർജി, തൃണമൂൽ പ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്നും ആരോപിച്ചു. ആക്രമണത്തിൽ പങ്കെടുത്ത ഓരോരുത്തരെയും ഉടൻ അറസ്റ്റ് ചെയ്യണം. പൊലീസ് വീഴ്ചയ്ക്കെതിരെ അന്വേഷണം വേണം. ആരും നിയമത്തിന് മുകളിലല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് തല്ലിത്തകർക്കാനും ആളുകളെ ആക്രമിക്കാനും വസ്തുവകകൾ നശിപ്പിക്കാനും കഴിയുമെങ്കിൽ, പൊലീസാകട്ടെ സ്ഥലത്തില്ലാതിരിക്കുകയും ചെയ്താൽ, പശ്ചിമ ബംഗാളിൽ നിയമവാഴ്ചയെന്ന് പറയാൻ പിന്നെ എന്താണ് ബാക്കിയുള്ളത്? ഇതൊരിക്കലും സഹിക്കാനാവില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam