
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി തിരുനാവക്കരസ്, ഡി എം കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി വി കെ (തമിഴക വെട്രി കഴകം) എം എൽ എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അസാധാരണ നടപടി. ട്രിപ്ലിക്കേൻ പോലീസ് കേസെടുത്തതിന് പിന്നാലെ ചെന്നൈ പോലീസ് അറസ്റ്റ് വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു. ടി വി കെ എം എൽ എമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ആകെ 15 ടി വി കെ എം എൽ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതിൽ 12 എം എൽ എമാരെ പ്രതികൾ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് സൂചന നൽകുന്നത്. എന്നാൽ കൃഷ്ണഗിരിയിലെ എം എൽ എ മാത്രമാണ് വിവരം പാർട്ടിയെ അറിയിച്ചതും പരാതി നൽകാൻ തയ്യാറായതും. സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതികൾ നീക്കം നടത്തിയിരുന്നതായും വിവരമുണ്ട്.
അട്ടിമറി നീക്കത്തിന് പിന്നിൽ ഡി എം കെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ പുകിലിന് കാരണമായിട്ടുണ്ട്. ഭരണകക്ഷിയായ ടിവികെയെ തകർക്കാൻ പ്രതിപക്ഷം കോടികൾ ഒഴുക്കി എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഡി എം കെയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ചെന്നൈ പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam