
ദില്ലി: വെനസ്വേലയിൽ മരണം സംഭവിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ നടുക്കുന്ന വിവരങ്ങൾ ഉള്ളത്. 33കാരനായ രാകേഷ് ചൗഹാന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടോ മരണ കാരണത്തെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങളോ കിട്ടിയില്ല. മൃതദേഹം നാട്ടിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ശരീരത്തിലെ ആന്തരികാവയവങ്ങൾ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തിയത്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷൻ ഓഫ് സീഫാരേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ (എഫ് എസ് യു ഐ) ആവശ്യപ്പെട്ടു. യാതൊരു സുതാര്യതയും ഇല്ലാതെയാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്നും രാകേഷിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള അവകാശം കുടുംബത്തിനുണ്ടെന്നും ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ നടുക്കുന്നതാണ്. കഴുത്തു മുതൽ വയർ വരെയും ഒരു ചെവിയിൽ നിന്ന് അടുത്ത ചെവി വരെയും തുന്നിക്കെട്ടുകൾ കണ്ടെത്തി. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, ആമാശയം തുടങ്ങി ശരീരത്തിലെ പ്രധാനപ്പെട്ട ഒരവയവം പോലും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മരണം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.
ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ചൗഹാൻ കഴിഞ്ഞ വർഷം നവംബറിലാണ് നാവികനായി വെനസ്വേലയിലേക്ക് പോയത്. കപ്പലിൽ വച്ച് വീണതിനെ തുടർന്ന് പരിക്കേറ്റു ചികിത്സയിലാണെന്നാണ് കമ്പനി ആദ്യം കുടുംബത്തെ അറിയിച്ചത്. തൊട്ടടുത്ത ദിവസം മരണം സംഭവിച്ചെന്നും കുടുംബത്തിന് വിവരം ലഭിച്ചു. കപ്പലിൽ നിന്നുള്ള വീഴ്ച കാരണമുള്ള പരിക്കുകളാണ് മരണ കാരണമെന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാൽ മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചപ്പോൾ കമ്പനി അധികൃതർ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ജൂൺ 4-നാണ് മൃതദേഹം നാട്ടിലെത്തിയത്. നേരത്തെ തന്നെ പോസ്റ്റുമോർട്ടം ചെയ്ത നിലയിലായിരുന്നതിനാൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചു. പിന്നീട് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. ഈ പരിശോധനയിലാണ് ശരീരത്തിൽ ആന്തരിക അവയവങ്ങൾ ഒന്നുമില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
⚠️ SHOCKING CASE — Indian Seafarer #RakeshChauhan reported dead in #Venezuela.
Mortal remains sent back to his hometown in Uttar Pradesh without any autopsy report or details from Venezuelan authorities.
Family demanded re-autopsy. The official Post-Mortem Report conducted in… pic.twitter.com/4dGSZtPEfp— FSUI (@FSUIINDIA) June 30, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam