വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഫീസ് 10 ഇരട്ടി വരെ കൂട്ടി കേന്ദ്ര സർക്കാർ; വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് പുതിയ നിയമം

Published : Nov 18, 2025, 04:04 PM IST
vehicles

Synopsis

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി വരെ വർദ്ധിപ്പിച്ചു. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളെ പ്രായമനുസരിച്ച് തരംതിരിച്ച് ഉയർന്ന ഫീസ് ഈടാക്കാനാണ് ഭേദഗതി. പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.

ദില്ലി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാൾ 10 ഇരട്ടി വരെ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള പ്രായപരിധി 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് സർക്കാർ മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഫീസ് വർധിപ്പിച്ചിട്ടുള്ളത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. വാഹനം പഴകുംതോറും ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഇനി ഈടാക്കുക.

വാഹനത്തിന്‍റെ പ്രായത്തെയും തരത്തെയും അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഫീസ്, 15 വർഷത്തിലധികം പഴക്കമുള്ള മിക്ക വാഹനങ്ങൾക്കും ബാധകമായിരുന്ന പഴയ ഫീസ് ഘടനയ്ക്ക് പകരമാകും. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിട്ടുള്ളത്. 20 വർഷത്തിലധികം പഴക്കമുള്ള ഒരു ട്രക്കിനോ ബസിനോ ഇനി ഫിറ്റ്‌നസ് ടെസ്റ്റിനായി 25,000 രൂപ നൽകേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ പ്രായപരിധിയിലുള്ള മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങൾ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നൽകണം. 20 വർഷത്തിൽ കൂടുതലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് (LMV) ഇനി 15,000 രൂപ നൽകണം. മുച്ചക്ര വാഹനങ്ങൾക്ക് 7,000 രൂപയാണ് നിരക്ക്. 20 വർഷത്തിലധികം പഴക്കമുള്ള ടു-വീലറുകൾക്ക് ഫീസ് 600 രൂപയിൽ നിന്ന് 2,000 രൂപ ആയി ഉയർന്നു.

15 വർഷത്തിൽ താഴെയുള്ള വാഹനങ്ങൾക്കുള്ള ഫീസ്

15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾക്കുള്ള ഫീസും സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ റൂൾ 81 പ്രകാരം, ഫിറ്റ്‌നസ് ടെസ്റ്റുകൾക്കായി മോട്ടോർസൈക്കിളുകൾക്ക് 400 രൂപ നൽകണം. എൽഎംവികൾക്ക് 600 രൂപ നൽകണം. മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 1,000 രൂപ നൽകണം.

റോഡുകളിൽ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും വാഹന സ്ക്രാപ്പേജ് നയത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ എന്നാണ് സർക്കാർ വിശദമാക്കുന്നത്. ഉയർന്ന ഫീസ് വളരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗത്തിൽ നിലനിർത്തുന്നത് ചെലവേറിയതാക്കി മാറ്റുന്നു, ഇത് വാഹന ഉടമകളെ അവ ഉപേക്ഷിക്കാനോ പുതിയ മോഡലുകൾ വാങ്ങാനോ പ്രേരിപ്പിച്ചേക്കാം. പുതിയ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് രാജ്യത്തുടനീളം ഉടൻ പ്രാബല്യത്തിൽ വന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ
'വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്'? പ്രിയങ്ക ഗാന്ധിയോട് ചോദിച്ച് പ്രധാനമന്ത്രി; പുനരധിവാസ വിഷയമടക്കം വിശദീകരിച്ച് പ്രിയങ്ക; 'മലയാളം പഠിക്കുന്നു'