മെഹബൂബ മുഫ്തിയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് മകള്‍; അപ്രഖ്യാപിത തടവിലെന്ന് ഫറൂഖ് അബ്ദുള്ള

By Asianet MalayalamFirst Published Aug 6, 2019, 3:47 PM IST
Highlights

താനിപ്പോള്‍ അപ്രഖ്യാപിത തടവിലെന്നും തന്‍റെ സന്ദര്‍ശകരെ തടയുന്നുവെന്നും ഫറൂഖ് അബ്ദുള്ള. തടവിലുള്ള മാതാവിനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് മെഹബൂബ മുഫ്തിയുടെ മകളുടെ ഓഡിയോ ക്ലിപ്പും പുറത്ത്.

ശ്രീനഗര്‍: കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിച്ചും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചുമുള്ള ബില്ലുകളില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കശ്മീരില്‍ പ്രധാന നേതാക്കളെല്ലാം തടവില്‍ തുടരുകയാണ്. നേരത്തെ വീട്ടുതടവിലായിരുന്ന മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള  എന്നീ നേതാക്കളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. മെഫബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ളയേയും സര്‍ക്കാര്‍ മന്ദിരമായ ഹരി നിവാസിലേക്ക് മാറ്റിയെന്നാണ് വിവരം. 

തന്‍റെ മാതാവ് അറസ്റ്റിലാണെന്നും ഒരു തരത്തിലും അവരെ ബന്ധപ്പെടാനോ കാണാനോ സാധിക്കുന്നില്ലെന്നും കാണിച്ച് മെഹബൂബ മുഫ്തിയുടെ മകള്‍ സന മുഫ്തി അയച്ച ശബ്ദസന്ദേശം മാധ്യമപ്രവര്‍ത്തക സൈനാബ് സിക്കന്ദര്‍ പുറത്തു വിട്ടു. കശ്മീര്‍ താഴ്വരയില്‍ ആകെ മൊത്തം ഭീതി പടര്‍ത്തുന്ന അന്തരീക്ഷമാണെന്നും ജനങ്ങളാകെ അമര്‍ഷത്തിലാണെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. 

അതേസമയം ലോക്സഭാ അംഗവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും ഇപ്പോള്‍ വീട്ടുതടവില്‍ ആയെന്ന വിവരവും പുറത്തു വരുന്നുണ്ട്. അപ്രഖ്യാപത വീട്ടുതടങ്കലിലാണ് താനെന്ന് ഫറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ വീടിന് മുന്നില്‍ ഇപ്പോള്‍ സന്ദര്‍ശകരെ തടയുകയാണെന്നും ഫറൂഖ് അബ്ദുള്ള വെളിപ്പെടുത്തി. 
 

മെഹബൂബ മുഫ്തിയുടെ മകളുടെ ശബ്ദ സന്ദേശത്തില്‍ നിന്നും... 

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ അവര്‍ അമ്മയെ കൊണ്ടു പോയി. അമ്മയെ  കാണാന്‍ ആരേയും സമ്മതിക്കുന്നില്ല. അമ്മയെ മാനസികമായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്. 

താഴ്വരയിലെ എല്ലാ ടെലിഫോണ്‍ ലൈനുകളും നിശ്ചലമായ  അവസ്ഥയിലാണ്. ആകെ മൊത്തം ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഇവിടെ.മൃഗീയ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാം എന്നാണ് ഇന്ത്യന്‍ ഗവര്‍ണ്‍മെന്‍റ കരുതുന്നത്. തങ്ങളുടെ വികാരം പ്രകടിപ്പിക്കാനുള്ള അവസരം പോലും കശ്മീരികള്‍ക്ക് ലഭിക്കുന്നില്ല. 

നിയമസംവിധാനത്തിലെ പാളിച്ചകള്‍ മുതലാക്കിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. കശ്മീരിനുള്ള പ്രത്യേക അവകാശങ്ങളെല്ലാം അവര്‍ കവര്‍ന്നെടുത്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇതൊക്കെ ചെയ്തത് കശ്മീരികളുടെ സൗഖ്യത്തിന് വേണ്ടിയാണ്  എന്നാണോ പറയുന്നത്. എങ്കില്‍ എന്തു കൊണ്ടാണ് കശ്മീരികള്‍ക്ക് സംസാരിക്കാന്‍ അവര്‍ അവസരം കൊടുക്കാത്തത്.  

 

Mehbooba Mufti ji's daughter Sana Mufti sent me this voice note.
Sharing it with all of you. pic.twitter.com/0W5bhBk2Dw

— Zainab Sikander (@zainabsikander)
click me!