എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മോചനം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയായിരുന്നു പ്രതിഷേധം.
ദില്ലി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന ഷർട്ട് ഊരിയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ വിട്ടത്. സെഷൻസ് കോടതി പുറപ്പെടുവിച്ചിരുന്ന സ്റ്റേ ഉത്തരവ് നീക്കിയാണ് ഹൈക്കോടതി ഉദയ്ഭാനു ചിബിന് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായെത്തിയ ദേശീയ അധ്യക്ഷനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയാണ് യൂത്ത് കോൺഗ്രസ് എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചത്. എഐ ഉച്ചകോടി വേദിയിലെ ഹാളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തി. യുഎസുമായി ഒപ്പുവച്ച പുതിയ വ്യാപാര കരാറിൽ ഇന്ത്യക്ക് നേട്ടമില്ലെന്ന് കുറ്റപ്പെടുത്തി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധക്കാരിൽ നാല് പേർ അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ അറസ്റ്റിലായ ശേഷമാണ് ഉദയ്ഭാനു ചിബും പിടിയിലായത്. പ്രതിഷേധത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ ദില്ലി പൊലീസ് ക്രിമിനൽ ഗൂഢാലോചന, മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ മുതലായ വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയത്. സാമ്പത്തിക സഹായം നല്‍കിയവരെ അടക്കം പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.


