
ദില്ലി: ഔറംഗബാദില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുന്നതിനിടെ ട്രെയിനിടിച്ച് മരിച്ച കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. പ്രത്യേക ട്രെയിനിലാണ് മധ്യപ്രദേശിലെ ഷഹ്‌ദോള്‍, ഉമരിയ ജില്ലകളിലെ സ്വദേശത്ത് മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ എത്തിച്ചത്. വെള്ളിയാഴ്ചയാണ് കുടിയേറ്റ തൊഴിലാളികള്‍ ഔറംഗബാദ് ജില്ലയില്‍ കൊല്ലപ്പെട്ടത്. ഔറംഗാബാദിനും ജല്‍നയ്ക്കും ഇടയിലുള്ള കര്‍മാദ് എന്ന സ്ഥലത്താണ് അപകടം നടന്നത്.
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ തൊഴിലാളികള്‍ ഔറംഗബാദില്‍ നിന്ന് മധ്യപ്രദേശിലേക്ക് റെയില്‍വേ ട്രാക്ക് വഴി നടക്കുകയായിരുന്നു. ക്ഷീണം കാരണം വിശ്രമിച്ച തൊഴിലാളികള്‍ ഉറങ്ങിപ്പോയി. അതിനിടെ അതുവഴിയെത്തിയ ചരക്ക് വണ്ടിയാണ് ഇവരുടെ ജീവനെടുത്തത്. കൊല്ലപ്പെട്ട അഞ്ച് തൊഴിലാളികള്‍ ചില്‍ഹരി ഗ്രാമത്തിലും ബാക്കിയുള്ളവര്‍ മാമന്‍ ഗ്രാമത്തിലുമാണ് താമസിച്ചിരുന്നത്. ഏറെക്കാലമായി ഇവര്‍ മഹാരാഷ്ട്രയില്‍ തൊഴിലെടുക്കുകയായിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. 20 അംഗ സംഘത്തിലെ നാല് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇവര്‍ ട്രാക്കിന് അകലെയാണ് വിശ്രമിച്ചിരുന്നത്.