
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച് നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആയി അധികാരത്തിലേറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഘോഷ പരിപാടികൾ അരങ്ങേറുകയാണ്. എന്നാൽ അവയിൽ നിന്നും വ്യത്യസ്ഥമായി യാത്രക്കാര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചാണ് ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ സന്തോഷം പങ്കുവയ്ക്കുന്നത്.
കർണാടകയിലെ ബട്കൽ ജില്ലയിലെ ചന്ദ്രു നായിക് എന്ന ഡ്രൈവറാണ് യാത്രക്കാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 'നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എല്ലാവരോടും സംസാരിക്കും. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതുവരെ ഞാൻ സൗജന്യ യാത്ര ഒരുക്കും'- ചന്ദ്രു നായിക് പറഞ്ഞു.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ദില്ലിയിൽ രാഷ്ട്രപതി ഭവനിലാണ് നടക്കുന്നത്. ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രഅജുൻ മേഖ്‍വാൾ എന്നിവർ തുടരും. ഇവർ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
ചടങ്ങിൽ 6500 ലേറെ പേർ പങ്കെടുക്കും. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാൽ മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നൽകി. മോദി ഇന്നലെ രാത്രി ജയ്‌റ്റ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam