
ഹൈദരാബാദ്: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഷ്ടപ്പെടുകയാണ് ജനങ്ങൾ. ഈ പ്രതിസന്ധിക്കിടയിലും സൽപ്രവൃത്തികൾ ചെയ്യുന്നവരുടെ വാർത്തകളും പുറത്തുവരികയാണ്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ ഹൈദരാബാദിൽ നിന്നും വരുന്നത്.
ഹൈദരാബാദിലെ മുഹമ്മദ് ഹബീബ് എന്ന ഓട്ടോ ഡ്രൈവറാണ് മറ്റുള്ളവർക്ക് മാതൃകയാകുന്നത്. തനിക്ക് കിട്ടിയ പണമടങ്ങിയ ബാഗുമായി നഗരം മുഴുവന്‍ കറങ്ങി ഉടമയെ കണ്ടെത്തിയിരിക്കുകയാണ് ഹബീബ്. രണ്ടുമക്കളും ഭാര്യയുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ലോക്ക്ഡൗൺ ആയതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ് ഹബീബ്. വാടകയ്ക്കാണ് ഹബീബ് ഓട്ടോ ഓടിക്കുന്നത്.
പതിവുപോലെ ഓട്ടോയുമായിറങ്ങിയ ഹബീബിനെ സിദ്ദിയാംബര്‍ ബസാറിലേക്ക് രണ്ടു സ്ത്രീകള്‍ ഓട്ടം വിളിച്ചു. അവരെ സ്ഥലത്തിറക്കി തിരികെ മടങ്ങിയ ഹബീബ് വെളളം കുടിക്കാനായി കുപ്പിയെടുക്കാന്‍ നോക്കിയപ്പോഴാണ് സീറ്റിലെ ബാഗ് കാണുന്നത്. ഉടൻ തന്നെ ഹബീബ് സ്ത്രീകളെ ഇറക്കിയ ഇടത്തേക്ക് തിരിച്ചുപോയി നോക്കിയെങ്കിലും അവരെ കണ്ടില്ല. തിരികെ ഓട്ടോ ഉടമയുടെ അടുത്തേക്ക് ഹബീബ് എത്തി. രണ്ടുപേരും കൂടി ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതില്‍ പണമാണെന്ന് കണ്ടെത്തിയത്.
യാത്രക്കാരെ തിരഞ്ഞ് നടക്കുന്നതിനേക്കാള്‍ നല്ലത് പൊലീസ് സ്‌റ്റേഷനെ സമീപിക്കുന്നതാണെന്ന് മനസ്സിലാക്കിയ ഹബീബ് ബാഗുമായി സ്‌റ്റേഷനിലെത്തി. ബാഗ് നഷ്ടപ്പെട്ട വിവരം ഹബീബ് എത്തുന്നതിന് മുമ്പുതന്നെ സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. യാത്രക്കാരെ തിരിച്ചറിഞ്ഞ ഹബീബ് ബാഗ് അവരെ ഏല്‍പ്പിച്ചു. 1.4 ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്.
സന്തോഷസൂചകമായി സ്ത്രീകൾ 5000 രൂപയും ഹബീബിന് സമ്മാനിച്ചു. 'ബാഗ് തിരിച്ചുകിട്ടിയപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷമായി. അവര്‍ എന്നോട് നന്ദി പറഞ്ഞു. അവരെ ഇറക്കി മടങ്ങും വഴി യാത്രക്കാര്‍ ഒന്നും ഓട്ടോയില്‍ കയറാതിരുന്നത് നന്നായി.' ഹബീബ് പറയുന്നു. ഹബീബിനെ ഷാളും മാലയും അണിയിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam