
സംഭാൽ: പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ തിരിമറി നടത്തി പ്രതികളെ രക്ഷിക്കുന്ന ഓട്ടോപ്സി മാഫിയയിലെ 4 പേർ പിടിയിൽ. ഉത്തർ പ്രദേശിലെ സംഭാലിലാണ് സംഭവം. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മോർച്ചറി സൂക്ഷിപ്പുകാർ എന്നിവരടക്കമുള്ളവരാണ് ഈ ഓട്ടോപ്സി മാഫിയയിലുള്ളത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയും തെളിവുകൾ തിരുത്തിയുമാണ് പ്രതികളെ രക്ഷിക്കുന്നത്. മരണ കാരണം അടക്കം മാറ്റിയെഴുതാൻ 50000 രൂപ വരെയാണ് കേസിലെ പ്രതികളിൽ നിന്ന് ഈടാക്കുന്നത്. നിരവധി സംഭവങ്ങൾ പതിവായതിന് പിന്നാലെ 31 ആരോഗ്യ കേന്ദ്രങ്ങളാണ് ഉത്തർ പ്രദേശിലെ സംഭാൽ ജില്ലയിൽ അടച്ചിട്ടത്. നിരവധി കേസുകളിൽ പ്രതിയായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021ൽ രാംവീർ സിംഗ് എന്നയാളെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മകൻ സത്യവീർ സിംഗ് നടത്തിയ നിയമ പോരാട്ടത്തിനാണ് ഒടുവിൽ വെളിച്ചം കാണുന്നത്.
ഉറക്കത്തിൽ മരിച്ചുവെന്നാണ് രാംവീർ സിംഗിന്റെ മരണത്തേക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ കയറുകൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കിയതിന്റെ പാടുകൾ മൃതദേഹത്തിൽ കണ്ടതാണ് വീട്ടുകാർക്ക് സംശയത്തിനിടയാക്കിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളേ കുറിച്ചോ അടയാളങ്ങളേക്കുറിച്ചോ പരാമർശം ഉൾപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെ കൃത്യ നിർവ്വഹണത്തിലെ വീഴ്ചയ്ക്ക് മൂന്ന് ഡോക്ടർമാർക്ക് എതിരെയും മറ്റൊരു ജീവനക്കാരനെതിരെയും കേസ് രാം വീർ സിംഗിന്റെ വീട്ടുകാർ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം കാണാതായത്.
കഴിഞ്ഞ ഒരു വർഷത്തിലേറെ സമാന രീതിയിലുള്ള പരാതികൾ സംഭാലിൽ പതിവായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചെറിയ തിരുത്തുകളാണ് മാഫിയയുടെ ഭാഗമായവർ ചെയ്യുക. ഇതിലൂടെ കൊലപാതകം അടക്കമുള്ള കേസിലെ പ്രതികൾ വളരെ വേഗത്തിൽ കേസിൽ നിന്ന് രക്ഷപ്പെടുന്നു. പണം വാങ്ങി ആളുകളെ കേസിൽ പ്രതിയാക്കുന്ന രീതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കുകയും മാഫിയ അംഗങ്ങൾ ചെയ്തിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരത്തിൽ നിരപരാധിയായ ഒരാളെ കൊലപാതക കേസിൽ കുടുക്കിയ കേസിലാണ് പൊലീസിന് അന്വേഷണത്തിൽ പിടിവള്ളിയായ തുമ്പ് ലഭിക്കുന്നത്. സീൻ എവിഡൻസും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേയും വൈരുദ്ധ്യം അന്വേഷിച്ചെത്തിയ പൊലീസിനാണ് ഓട്ടോപ്സി മാഫിയയെ കണ്ടെത്താൻ സാധിച്ചത്. ഈ കേസിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മധുർ ആര്യ എന്ന ഫാർമസിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.