
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷനില്‍ (Kumbakonam Corporation) പുതിയ മേയര്‍ (Mayor) സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഓട്ടോ ഡ്രൈവറായ (Autorickshaw driver) കെ ശരവണന്‍. 20 വര്‍ഷമായി ഓട്ടോ ഓടിച്ച് കുടുംബം നോക്കിയരുന്ന ശരവണന്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി, കുംഭകോണം മേയര്‍ സീറ്റിലേക്ക് മാറിക്കയറുകയാണ്. ഇനി കുംഭകോണത്തെ നാല്‍പ്പത്തിരണ്ടുകാരനായ കെ ശരവണന്‍ നയിക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാര്‍ഡില്‍ നിന്നും ശരവണന്‍ മത്സരിച്ച് ജയിച്ചത്. 20 വര്‍ഷമായി കുംഭകോണത്ത് ഓട്ടോ ഓടിച്ച് ജീവിക്കുന്ന ശരവണന്‍റെ കന്നി മത്സരമായിരുന്നു ഇത്. കുംഭകോണം സിറ്റി കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷനായ ശരവണന്‍ വാര്‍ഡില്‍ നിന്നും ജയിച്ച് കയറി.
48 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ 42 സീറ്റിലും ഡിഎംകെ സഖ്യമാണ് ജയിച്ചത്. ഡിഎംകെയ്ക്കാണ് മേയര്‍ സ്ഥാനമെന്ന് കരുതിയരുന്നിടത്താണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസിന് മേയര്‍ പദവിക്ക് നറുക്ക് വീഴുന്നത്. സഖ്യത്തില്‍ രണ്ട് കൌണ്‍സിലര്‍മാര്‍ മാത്രമാണുള്ളതെങ്കിലും കോണ്‍ഗ്രസ് അംഗമായ കെ ശരവണന് നറുക്ക് വീഴുകയായിരുന്നു. ഡിഎംകെ സഖ്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏക മേയര്‍ സീറ്റാണ് കുംഭകോണത്തേത്ത്.
സാധാരണക്കരില്‍ സാധാരണക്കാരനായ തനിക്ക് മേയറായി അവസരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ശരവണന്‍ പുതിയ പദവിയെക്കുറിച്ച് പ്രതികരിച്ചത്. വലിയൊരു ചുമതലയാണ് ലഭിച്ചത്, അതില്‍ പാർട്ടിയോടും ജില്ലയിലെ മുതിർന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നുവെന്നും ശരവണന്‍ പറഞ്ഞു. ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള ശരവണന്‍ കഴിഞ്ഞ 20 വര്‍ഷമായി ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. വാടക വീട്ടിലാണ് ശരവണന്‍ കഴിയുന്നത്. പുതിയ പദവി ജീവിത്തിലെ ഏറ്റവും വലയി സന്തോഷങ്ങളിലൊന്നാണെന്ന് ശരവണന്‍റെ കുടുംബവും പ്രതികരിച്ചു.
അതേസമയം ഇരുപത്തിയെട്ടുകാരിയായ ആർ.പ്രിയ ചെന്നൈ കോർപ്പറേഷൻ മേയറായി ചുമതലയേറ്റു. ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറായിരിക്കും പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിന് മുമ്പ് മേയർ സ്ഥാനത്ത് എത്തിയ വനിതകൾ. മംഗലപുരത്തെ 74-ാം വാർഡിൽ നിന്നാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.
18 വയസ്സ് മുതൽ പാർട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രിയക്ക് ഇത് കന്നിയങ്കമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ചെന്നൈ കോർപ്പറേഷനിൽ വിജയിച്ച യുവസ്ഥാനാർത്ഥികളിലൊരാളാണ് പ്രിയ. ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിൻ്റെ സ്ഥാനാർത്ഥിയായിതേനാപേട്ട 98-ാം വാർഡിൽ നിന്നും ജയിച്ച 21 വയസ്സുള്ള പ്രിയദർശിനിയാണ് പുതിയ കൗൺസിലർമാരിലെ ബേബി. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ ചെന്നൈ മേയർ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam