പഞ്ചാബ് മുഖ്യമന്ത്രി വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ടോ? വിവാദങ്ങൾക്കിടെ വ്യോമയാനമന്ത്രിക്ക് പറയാനുള്ളത്

Published : Sep 20, 2022, 07:21 PM IST
 പഞ്ചാബ് മുഖ്യമന്ത്രി വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ടോ? വിവാദങ്ങൾക്കിടെ വ്യോമയാനമന്ത്രിക്ക് പറയാനുള്ളത്

Synopsis

ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. സത്യം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.  

ദില്ലി: മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിൽ പ്രതികരണവുമാ‌യി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. സത്യം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.  

ശിരോമണി അകരാലിദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദലാണ് ഭ​ഗവന്ത് മാനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. ഫ്രാങ്ക്ഫട്ടില്‍ നിന്ന് ദില്ലിയിലേക്കുള്ള ലുഫ്താനസ വിമാനത്തില്‍ നിന്ന്  ഭഗവന്ത് മാനിനെ ഇറക്കി വിട്ടെന്നാണ് ആരോപണം. കോൺ​ഗ്രസ് നേതാവ് പ്രതാപ് സിം​ഗ് ബജ്വയും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ജ്യോതിരാദിത്യസിന്ധ്യക്ക് കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തു നടന്ന കാര്യമാണിത്. യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. ലുഫ്താനസ എയർലൈൻസാണ് രേഖകൾ നൽകേണ്ടത്. എനിക്കു ലഭിച്ച പരാതിയിന്മേൽ ഞാനെന്തായാലും അന്വേഷണം നടത്തും. ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

ഭ​ഗവന്ത് മാനെതിരായ റിപ്പോർട്ടുകളിന്മേൽ ചൂടേറിയ ചർച്ചയാണ് പഞ്ചാബിൽ നടക്കുന്നത്.  അമിത മദ്യപാനിയെന്ന ചീത്തപ്പേരു കേട്ടിട്ടുള്ള ആം ആദ്മി പാര്‍ട്ടി നേതാവാണ് ഭഗവന്ത് മാൻ.  മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ താൻ നല്ലകുട്ടിയായെന്ന് അദ്ദേഹം റാലികളില്‍ പറഞ്ഞിരുന്നു. ആം ആദ്മി പാർട്ടി നേതാവ്കെ അരവിന്ദ് കെജ്രിവാൾ  പങ്കെടുത്ത റാലിയില്‍ വച്ച് അമ്മയെ സാക്ഷിയാക്കി, താൻ മദ്യപാനം അവസാനിപ്പിച്ചുവെന്ന് ഭ​ഗവന്ത് മാൻ ശപഥം ചെയ്തിരുന്നു.  നടക്കാന്‍ പോലുമാകാത്ത വിധം ഭഗവന്ത് മാൻ മദ്യപിച്ചിരുന്നതിനാല്‍ ഒപ്പമുള്ളവര്‍ താങ്ങിപ്പിടിച്ച് വിമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്ന് സഹയാത്രക്കാരെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതും ആരോപണത്തിന് ബലമേകുന്നതാണ്.  സെപ്റ്റംബ‍ർ പതിനൊന്ന് മുതല്‍ പതിനെട്ട് വരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ജർമനിയില്‍ സന്ദര്‍ശനം നടത്തിയത്. തിരികെ ദില്ലിക്ക് ഉച്ചക്ക് 1.40 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് 4.30 നാണ് ഫ്രാങ്ക്ഫട്ടില്‍ നിന്ന്  പുറപ്പെട്ടത്. ഈ വിമാനത്തില്‍ സ‌ഞ്ചരിക്കാനാകാതിരുന്ന മുഖ്യമന്ത്രി 19നാണ് ദില്ലിയിലെത്തിയത്. എന്നാൽ, ആം ആദ്മി പാർട്ടി ആരോപണം അപ്പാടെ നിഷേധിച്ചിട്ടുണ്ട്. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെന്ന്, ലുഫ്താനസയുടെ പ്രതികരണം വന്നത് ആം ആദ്മി പാര്‍ട്ടിക്ക് പ്രതിരോധിക്കാൻ ശക്തിയേകി‌യിട്ടുണ്ട്. 

Read Also: പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ലക്കുകെട്ടതിന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പലസ്തീൻ സിനിമകൾ വേണ്ടെന്ന് കേന്ദ്രം, പലസ്തീൻ കവിത വായിച്ച് പ്രതിഷേധിച്ച് പ്രകാശ് രാജ്, സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം, പ്രതികരിക്കാതെ മുഖ്യമന്ത്രി
മകനെ രക്ഷിക്കാൻ പുലിയെ കൊന്ന് അച്ഛൻ, പുലിയെ കൊന്ന അച്ഛനും മകനുമെതിരെ കേസ്