Sonia Sebastian : സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന ആവശ്യം; കേന്ദ്രം തീരുമാനമറിയിക്കണമെന്ന് കോടതി

By Web TeamFirst Published Jan 3, 2022, 12:24 PM IST
Highlights

ആയിഷ എന്ന പേര് സ്വീകരിച്ച സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കാൻ കോടതിയുടെ സഹായം ആവശ്യപ്പെട്ട് അച്ഛൻ വി ജെ സെബാസ്റ്റ്യനാണ് കോടതിയിലെത്തിയത്. കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നായിരുന്നും സെബാസ്റ്റ്യന്റെ പരാതി. 

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായ ആയിഷയെന്ന സോണിയെ സെബാസ്റ്റ്യനെ ( Ayeshaalias Sonia Sebastian ) നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യത്തിൽ എട്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. സോണിയ സെബാസ്റ്റ്യൻ്റെ പിതാവ് നൽകിയ ഹ‍ർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. ഭർത്താവിനൊപ്പം ഐഎസിൽ ചേർ‍ന്ന സോണിയ സെബാസ്റ്റ്യൻ നിലവിൽ അഫ്ഗാൻ ജയിലിലാണെന്നാണ് ഹർജിയിൽ പറയുന്നത്. 

ആയിഷ എന്ന പേര് സ്വീകരിച്ച സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കാൻ കോടതിയുടെ സഹായം ആവശ്യപ്പെട്ട് അച്ഛൻ വി ജെ സെബാസ്റ്റ്യനാണ് കോടതിയിലെത്തിയത്. കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നായിരുന്നും സെബാസ്റ്റ്യന്റെ പരാതി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാൽ മകളെയും ഏഴ് വയസുള്ള കുഞ്ഞിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാണ് സെബാസ്റ്റ്യന്റെ ആവശ്യം. 

2019ൽ നാറ്റോ സഖ്യസേനയുമായുള്ള ഏറ്റുമുട്ടലിൽ സോണിയയുടെ ഭർത്താവ് അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. ഐഎസിൽ ചേർന്നതിൽ മകൾ പശ്ചാത്തപിക്കുന്നുണ്ട്. രാജ്യത്ത് തിരികെയെത്താനും, ഇവിടെ വിചാരണ നേരിടാനും മകൾ ആഗ്രഹിക്കുന്നതായും വി ജെ സെബാസ്റ്റ്യൻ സേവ്യർ കോടതിയെ അറിയിച്ചിട്ടുണ്ട്.

തീരുമാനം ഉണ്ടായില്ലെങ്കിൽ ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിച്ച് പരാതി ഉന്നയിക്കാം. കാസര്‍ക്കോട് സ്വദേശിയായ ഭര്‍ത്താവ് അബ്ദുൾ റാഷിദ് അബ്ദുള്ളക്കൊപ്പം 2016ന് ശേഷമാണ് ആയിഷ എന്ന പേരിൽ അറിയപ്പെട്ട സോണിയ സെബാസ്റ്റ്യനും ഐഎസിൽ ചേരാൻ അഫ്ഗാനിലേക്ക് പോയത്. നാറ്റോ സേനയുമായുള്ള യുദ്ധത്തിൽ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു. അതിന് ശേഷം അഫ്ഗാൻ സേനക്ക് മുമ്പിൽ കീഴടങ്ങിയ ഇവര്‍ താലിബാന്‍റെ വരവോടെ ജയിൽ മോചിതരായി. സോണിയ സെബാസ്റ്റ്യനൊപ്പം നിമിഷ, മെറിൻ ജോസഫ്, റഫീല എന്നിവരെയും നാട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം കോടതികളുടെ പരിഗണനയിൽ ഉള്ളപ്പോഴാണ് ഇന്നത്തെ സുപ്രീംകോടതി ഇടപെടൽ.

സോണിയ സെബാസ്റ്റ്യനെ തിരികെ കൊണ്ടുപോകാൻ മുമ്പ് അഫ്ഗാൻ സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടായില്ല. ജയിലുകൾ തകര്‍ത്ത് താലിബാൻ എല്ലാവരെയും മോചിപ്പിച്ചതോടെ ഇവര്‍ അഫ്ഗാനിസ്ഥാനിൽ എവിടെയാണെന്ന് വ്യകതമല്ല. സോണിയാ സെബാറ്റ്യനൊപ്പം ഏഴുവയസ്സുകാരനായ മകനും ഉണ്ട്. 
 

click me!