ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍

Published : Nov 09, 2019, 05:36 AM ISTUpdated : Nov 09, 2019, 09:19 AM IST
ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍

Synopsis

അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി  ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക

ദില്ലി: അയോധ്യ കേസിൽ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പറയുക. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസിൽ വിധി പറയുന്നത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ പോവുകയാണ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നൽകാൻ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉൾപ്പടെയുള്ള മുസ്‍ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതൽ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളിൽ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാൻ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നൽകി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികൾ കോടതിയിലെത്തിയതോടെയാണ് കേസിൽ വാദം കേൾക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

134 വര്‍ഷം നീണ്ട നിയമ പോരാട്ടം : അയോധ്യ കേസ് നാള്‍വഴികള്‍

അയോധ്യ രാമന്‍റെ ജന്മസ്ഥലമാണ്. അത് മറ്റെവിടേക്കെങ്കിലും മാറ്റാനാകില്ല. ജന്മസ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നതായിരുന്നു രാംലല്ലയുടെ വാദം. ക്ഷേത്ര നിര്‍മ്മാണത്തിൽ അവകാശവാദം ഉന്നയിച്ച നിര്‍മോഹി അഖാഡ, തര്‍ക്കഭൂമി തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതെന്ന് വാദിച്ചു. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്കടയിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്‍റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അത് ബാബര്‍ പൊളിച്ചുമാറ്റിയ രാമക്ഷേത്രമാണെന്നും ഹിന്ദു സംഘടനകൾ വാദിച്ചു. എന്നാൽ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ നിര്‍മ്മിതികളിൽ ക്ഷേത്രത്തിന്‍റേതല്ല എന്ന് തെളിയിക്കാനുള്ള രേഖകളായിരുന്നു സുന്നി വഖഫ് ബോര്‍ഡ് കോടതിയിൽ നൽകിയത്. 1992 ഡിസംബര‍ 6 വരെ അയോധ്യയിൽ ഒരു മസ്ജിദ് ഉണ്ടായിരുന്നു. മസ്ജിദിന് ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാന്‍റ് കിട്ടിയതടക്കം ചൂണ്ടിക്കാട്ടിയാണ് തര്‍ക്കഭൂമിയിൽ സുന്നി വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്.

അയോധ്യ വിധി: കനത്ത സുരക്ഷയില്‍ രാജ്യം, സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ കൂട്ടി...

13426 പേജുള്ള രേഖകളാണ് കേസിൽ ആകെ ഉണ്ടായിരുന്നത്. പല ഭാഷകളിലുള്ള രേഖകളെല്ലാം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി കോടതി പരിശോധിച്ചിരുന്നു. അവസാന ദിവസത്തെ വാദം കേൾക്കലിനിടെ നാടകീയ രംഗങ്ങളും സുപ്രീംകോടതിയിലുണ്ടായി. രാമക്ഷേത്രം ഏതെന്ന് തെളിയിക്കാൻ ഹിന്ദു മഹാസഭ ഹാജരാക്കിയ ഒരു ഭൂപടം ജഡ്ജിമാര്‍ക്ക് മുമ്പിൽ വെച്ച് സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ കീറിയെറിഞ്ഞു. വലിയ വിവാദമായി പിന്നീടത് മാറി.

അയോധ്യ: മതസ്പർധ വളര്‍ത്തുന്ന സന്ദേശം സോഷ്യല്‍ മീഡയയില്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി...

അയോധ്യ ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റി. ഇന്നത്തെ സുപ്രീംകോടതി വിധി വലിയ ചലനങ്ങൾ തന്നെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ ഉണ്ടാക്കും. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ അയോധ്യയിലെയും ഉത്തര്‍പ്രദേശിലെയും ക്രമസമാധാന സാഹചര്യങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേരിട്ട് പരിശോധിച്ചിരുന്നു. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി , ഡിജിപി എന്നിവരെ വിളിച്ചുവരുത്തി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച ചീഫ് ജസ്റ്റിസ് നടത്തി. അതിന് ശേഷമാണ് അവധി ദിവസമായി ഇന്ന് കേസിൽ വിധി പറയാനുള്ള തീരുമാനം എടുത്തത്. 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ