അയോധ്യ വിധി: കനത്ത സുരക്ഷയില്‍ രാജ്യം, സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ കൂട്ടി

By Web TeamFirst Published Nov 8, 2019, 11:40 PM IST
Highlights

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. യുപിയിലും കർണാടകത്തിലും മധ്യപ്രദേശിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി ശനിയാഴ്ച വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ കൂട്ടി. മുംബൈ കനത്ത സുരക്ഷാവലയത്തിലെന്ന് മുംബൈ പൊലീസ് അറിയിച്ചു. കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ യുപിയിലും കർണാടകത്തിലും മധ്യപ്രദേശിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ ശനിയാഴ്ച മുതൽ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും. കർണാടകത്തിൽ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  മധ്യപ്രദേശിൽ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു. എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പരിശോധന നടത്തും.  

click me!