
ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളക്കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ സാഹചര്യത്തിൽ, ക്ഷേത്ര ട്രസ്റ്റിന്റെ പുനസംഘടന ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. അയോധ്യയിലെ ഭക്തരുടെ കാണിക്കപ്പണവും സംഭാവനകളും വൻതോതിൽ തട്ടിയെടുക്കപ്പെട്ടെന്ന് കണ്ടെത്തിയ കേസിൽ എസ്ഐടിയുടെ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സർക്കാരിന് കൈമാറും.
കേസ് ബിജെപിക്കും സർക്കാരിനും വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ ഇടപെടലോടെ 'ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര' ട്രസ്റ്റിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. അതിനിടെ സംഭാവന കൊള്ളയിൽ പ്രതിഷേധിച്ച് അയോധ്യ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായി. അയോധ്യയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച് ക്ഷേത്ര സന്ദർശനത്തിനായി എത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ യോഗി ആദിത്യനാഥ് സർക്കാർ ഭയക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌ത്, അയോധ്യയിലെ 'പദം ശ്രീ പാലസ്' ഹോട്ടലിൽ തടവിലാക്കുകയും ചെയ്തതായി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ശ്രീരാമൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം സ്വത്തല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. അയോധ്യയിൽ സംഭാവന കൊള്ളയടിച്ചവർക്ക് രാമഭക്തരെ ഭയമാണെന്നും ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികൾ കൊണ്ട് കോൺഗ്രസിനെ തളർത്താനാകില്ലന്നും നേതാക്കൾ വ്യക്തമാക്കി. എംപിമാരായ കിശോരി ലാൽ ശർമ്മ, രാകേഷ് റാത്തോഡ് തുടങ്ങിയ മുതിർന്ന നേതാക്കളും അജയ് റായുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ അയോധ്യയിലെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് കർശനമാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam