
ദില്ലി: ആന്ധ്രാ പ്രദേശിലെ വിജയവാഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകരസംഘത്തെ കണ്ടെത്തി എൻഐഎ. അൻപതിനടുത്ത് ആളുകൾ സംഘത്തിൽ ഉണ്ടെന്ന് എൻഐഎ പറയുന്നു. കേസിൽ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ആറ് സംസ്ഥാനങ്ങളിലേക്ക് എൻഐഎ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 12ന് വിജയവാഡയിൽ 23കാരനായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ് എന്ന വ്യക്തിയെ ആന്ധ്രാ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കേസിന്റെ തുടക്കം. കേസിലെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ മാസം അവസാനം എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിൽ ആന്ധ്രാ പ്രദേശിന് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, ദില്ലി, ബിഹാർ, പശ്ചിമ ബംഗാൾ, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നീളുന്ന കണ്ണികളാണ് ഉള്ളതെന്ന് എൻഐഎ കണ്ടെത്തി. 12 പ്രതികളെ എൻഐഎ ഇതിനോടകം അറസ്റ്റ് ചെയ്തു. ഒരാൾ വിദേശത്ത് പ്രവർത്തിച്ചിരുന്ന ഹാൻഡ്‍ലർ ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, എൻക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകൾ, ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി യുവാക്കളെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം. ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റ്, അൽഖ്വയ്ദ എന്നീ നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഓൺലൈൻ ശൃംഖലകളെ കണ്ടെത്താൻ എൻഐഎ അന്വേഷണം ശക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ ബോംബ് സ്ഫോടനവും ചാവേർ ആക്രമണവുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam