
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും, അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആർക്കും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ആർഎസ്എസ് വ്യക്തമാക്കി. ആർഎസ്എസ് സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സംഘടന നിലപാട് വ്യക്തമാക്കിയത്.
കോടിക്കണക്കിന് ഭക്തരുടെ അചഞ്ചലമായ ഭക്തിയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർന്നുവന്നതെന്ന് പ്രസ്താവനയിൽ ആർഎസ്എസ് ചൂണ്ടിക്കാട്ടി. അവിടെ സമർപ്പിക്കപ്പെട്ട കാണിക്കപ്പണം ദുരുപയോഗം ചെയ്തുവെന്ന വാർത്തകൾ ഭക്തരെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. ക്ഷേത്ര ഭരണസംവിധാനത്തിലും സുതാര്യതയിലും ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും ഹൊസബാളെ കൂട്ടിച്ചേർത്തു.
കാണിക്കപ്പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എട്ട് പേരെ പോലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ടിന്നു എന്നയാൾ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. മറ്റൊരു പ്രതിയായ ശ്രീവാസ്തവ് റിട്ടയേർഡ് ബാങ്ക് ജീവനക്കാരനും കാണിക്ക എണ്ണുന്ന ഷിഫ്റ്റിന്റെ ചുമതലക്കാരനുമായിരുന്നു. ബാക്കി ആറ് പേരും പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന താത്കാലിക ജീവനക്കാരാണ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂൺ 25-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് നടക്കുകയും ചെയ്തതിന് പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും തങ്ങളുടെ രാജിക്കത്ത് ട്രസ്റ്റിന് സമർപ്പിച്ചിരുന്നു. ഈ കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവർ നിയമത്തിന് മുന്നിൽ വരണമെന്നും കടുത്ത ശിക്ഷ നേരിടണമെന്നുമാണ് ഇപ്പോൾ ആർഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam