
ദില്ലി: അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനം 15 ദിവസത്തിനുള്ളിലെന്ന് ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹന്ത് നൃത്യഗോപാല്‍ ദാദിനെ ട്രസ്റ്റ് പ്രസിഡന്‍റാക്കിയും ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയാക്കിയ യോഗത്തിലാണ് ക്ഷേത്ര നിര്‍മാണത്തെ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയുടെ തലവനായി പ്രധാനമന്ത്രി മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെയുമാണ് തെരഞ്ഞെടുത്തത്. ക്ഷേത്ര നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് സംഭാവന സ്വീകരിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് തുറക്കും. സ്വാമി ഗോവിന്ദ് ഗിരി ദേവാണ് ട്രഷറര്‍.
15 ദിവസത്തിന് ശേഷം ട്രസ്റ്റ് വീണ്ടും യോഗം ചേരും. ക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന് അന്ന് പ്രഖ്യാപിക്കുമെന്നുമാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഗ്യാനേഷ് കുമാര്‍, യുപി സര്‍ക്കാര്‍ പ്രതിനിധിയായി അവിനാഷ് അശ്വതി, അയോധ്യ ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നൃത്യ ഗോപാൽ ദാസിനെ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിയമിച്ചതിനെതിരെ രാം ജന്മഭൂമി ന്യാസ് തലവൻ മഹന്ദ് ധരംദാസ് രംഗത്തെത്തി. ഗോപാൽ ദാസിനെ ചെയർമാൻ ആക്കിയത് തെറ്റായ തീരുമാനമാണെന്ന് മഹന്ദ് ധരംദാസ് പറയുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുകൂലമായി വിധിച്ചത്. സർക്കാർ നിയന്ത്രിത ട്രസ്റ്റ് നിർമ്മാണ ചുമതലയേറ്റെടുക്കണമെന്നായിരുന്നു കോടതി വിധി. മുസ്ലീങ്ങൾക്ക് ഉചിതമായ സ്ഥലത്ത് അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ വിട്ടുനൽകാനും കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള 67 ഏക്കര്‍ സ്ഥലവും ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam