
ദില്ലി: ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ്. പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ സ്വന്തമായി ഒരു രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെയായിരിക്കും സൃഷ്ടിക്കുകയെന്ന് ഗുട്ടെറസ് പറഞ്ഞു. പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് സിഎഎ വിഷയത്തില്‍ അന്‍റോണിയോ ഗുട്ടെറസ് നിലപാട് വ്യക്തമാക്കിയത്. ഒരു നിയമം നടപ്പാകുമ്പോള്‍ രാജ്യമില്ലാത്ത വ്യക്തികളുണ്ടാകുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഓരോ പൗരന്മാര്‍ക്കും ഒരു രാജ്യത്ത് പൗരത്വമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനത്തെക്കുറിച്ചും ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനികരില്‍ നിന്ന് കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന ഉപദ്രവത്തെക്കുറിച്ചും ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുമുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളെ ഗൗരവത്തോടെയാണ് കാണുന്നതെന്നുംകശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നത് എന്നതിന്‍റെ വ്യക്തമായ രൂപം ഈ മാധ്യമ വാര്‍ത്തകളിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 11 നായിരുന്നു പാര്‍ലമെന്‍റ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്‍റില്‍ പാസാക്കിയത്. 2014 ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്തേക്ക് കുടിയേറിയ പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം.
നേരത്തെ കശ്മീര്‍ വിഷയത്തിലും ഗുട്ടെറസ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam