
ലഖ്നൗ: അയോധ്യ ക്ഷേത്ര കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണിക്ക പണം എണ്ണാനായി നിയോഗിക്കപ്പെട്ട 150 ജീവനക്കാരില്‍ 8 പേര്‍ മാത്രമാണ് പ്രതികളായതെന്നാണ് യോഗിയുടെ വാദം. ഇപ്പോള്‍ അറസ്റ്റിലായ 8 പ്രതികളില്‍ അന്വേഷണം അവസാനിക്കുമെന്ന സൂചന കൂടിയാണ് മുഖ്യമന്ത്രി ഇന്നത്തെ പ്രസ്താവനയിലൂടെ നൽകിയത്. 150 ല്‍ പരം ജീവനക്കാര്‍ പണം എണ്ണുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ 6 പേര്‍ക്കെതിരെയാണ് മോഷണ കുറ്റം. 2 പേര്‍ ഗൂഢാലോചനയിലും പ്രതികളായി. പ്രതിപക്ഷം പറയുന്നത് കേട്ടാല്‍ തോന്നും എല്ലാവരും പ്രതികളായെന്ന്. അയോധ്യയെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും യോഗി പറഞ്ഞു.
അയോധ്യ ക്ഷേത്ര കൊള്ളയെ നിസാരവത്ക്കരിച്ചുകൊണ്ട് ന്യായീകരണത്തിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ മുന്‍പോട്ട് വയ്ക്കുന്ന യോഗി ആദിത്യനാഥ് അയോധ്യ ക്ഷേത്ര കൊള്ളയിലെ അന്വേഷണം ഏട്ട് പ്രതികളില്‍ അവസാനിപ്പിച്ചേക്കുമെന്ന സൂചന കൂടിയാണ് നൽകിയത്. ചമ്പത് റായി, അനില്‍ മിശ്ര തുടങ്ങിയ ട്രസ്റ്റ് ഭാരവാഹികളെ പ്രതികളാക്കിയേക്കില്ലെന്ന പ്രതീതിയാണ് നിലവിലുള്ളത്. മൊഴിയെടുത്തതൊഴിച്ചാല്‍ പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ല. വലുതൊന്നും വരാനില്ലെന്ന് കണ്ടാണ് ചമ്പത് റായി ധൈര്യപൂര്‍വം നിരപരാധിയാണെന്നവകാശപ്പെട്ട് പ്രസ്താവനയിറക്കിയതെന്നും ചേര്‍ത്ത് വായിക്കേണ്ടി വരും. ക്ഷേത്ര ജീവനക്കാരായ പ്രതികളെ ബാച്ചുകളാക്കി പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം സംഭവിക്കുന്നുവെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ പരാതികളില്‍ കേസെടുക്കുന്നില്ല. എന്നാല്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
അയോധ്യ ക്ഷേത്രക്കൊള്ളക്ക് പിന്നാലെ ബദരിനാഥിലും നടന്ന കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ക്ഷേത്ര സമിതി ചെയര്‍മാന്‍റെ പഴ്സണല്‍ അസിസ്റ്റ് പ്രമോദ് നൊത്യാലിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് നടന്നിട്ടില്ല. ജോഷിമഠിലെ ക്ഷേത്രത്തിലും ജോലി നോക്കിയിരുന്ന ഇയാള്‍ അവിടെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ക്ഷേത്ര ജീവനക്കാരും ചെയർമാനും അന്വേഷണ റഡാറിലുണ്ടെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam