അയോധ്യകേസ് വിധിക്ക് മുമ്പ് ക്രമസമാധാന സാഹചര്യം നേരിട്ട് വിലയിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

By Web TeamFirst Published Nov 8, 2019, 3:34 PM IST
Highlights

സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കേസിലെ വിധി പറയുന്നതിന് മുമ്പ് ക്രമസമാധാന സ്ഥിതി വിലയിരുത്താൻ ചീഫ് ജസ്റ്റിസ് പ്രത്യേക യോഗം വിളിക്കുന്നത്.

ദില്ലി: അയോധ്യ കേസിൽ വിധി പറയാനിരിക്കെ ഉത്തർപ്രദേശിലെ ക്രമസമാധാന സാഹചര്യങ്ങൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരിട്ട് പരിശോധിക്കുന്നു. യു പി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി ചർച്ച നടത്തി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ ജാഗ്രത നടപടികളും സ്വീകരിക്കാൻ യുപി സർക്കാരിന് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. 

സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കേസിലെ വിധി പറയുന്നതിന് മുമ്പ് ക്രമസമാധാന സ്ഥിതി വിലയിരുത്താൻ ചീഫ് ജസ്റ്റിസ് പ്രത്യേക യോഗം വിളിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിൽ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിൽ യു പി ചീഫ് സെക്രട്ടറി ആര്‍ കെ മാത്തൂരും, ഡി.ജി.പി ഒംപ്രകാശ് സിംഗും അയോധ്യയിലെ ക്രമസമാധാന സ്ഥിതി വിശദീകരിച്ചു. ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുതൽ നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസും നിര്‍ദ്ദേശം നൽകി. 12,000 അര്‍ദ്ധ സൈനിക വിഭാഗങ്ങളെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. 20 താൽക്കാലിക ജയിലുകളും സ്ഥാപിക്കും. സൈനികര്‍ക്ക് താമസസൗകര്യം ഒരുക്കാൻ 300 സ്കൂളുകൾ ഏറ്റെടുക്കും. എല്ലാ ജില്ലകളിലും സമാധാന സമിതികൾ രൂപീകരിക്കും. വിധിക്ക് പിന്നാലെ ആഘോഷങ്ങൾ പോലുള്ള പരിപാടികൾ നടത്തുന്നതും നിരോധിച്ചു.

 പ്രകോപനപരമായ പ്രസ്താവനകൾ ഒഴിക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയും നിര്‍ദ്ദേശം നൽകിയിരുന്നു. അടുത്ത ആഴ്ച 13 മുതൽ 15 വരെയുള്ള തീയതികളിലാകും വിധി വരിക. നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനൽകാനായിരുന്നു 2010ലെ അലഹാബാദ് ഹൈക്കോടതി വിധി. അതിനെതിരെയുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ പോകുന്നത്.   

click me!