അയോധ്യ കേസ്: സുപ്രീം കോടതി പരിഗണിച്ച തെളിവുകളില്‍ രാമായണവും സ്കന്ദപുരാണവും

By Web TeamFirst Published Nov 11, 2019, 3:16 PM IST
Highlights

രാമായണത്തിലെ ശ്ലോകങ്ങളില്‍ പറയുന്ന നിരവധി കാര്യങ്ങളും വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. ലോകാധിപനായ മകന് കൗസല്യ ജന്മം നല്‍കുമെന്നും രാമന്‍റെ ജനനത്താല്‍ അയോധ്യ അനുഗ്രഹിക്കപ്പെടുമെന്നുമുള്ള ശ്ലോകങ്ങള്‍ വിധിന്യായത്തില്‍ ഇടംപിടിച്ചു.

ദില്ലി: അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ചു എന്ന വാദത്തിന് സുപ്രീം കോടതി തെളിവായി പരിഗണിച്ചതില്‍ വാല്‍മീകി രാമായണവും സ്കന്ദപുരാണവും ഉള്‍പ്പെടുന്നു. സുപ്രീം കോടതിയുടെ വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാബ്‍രി മസ്ജിദ് നിര്‍മാണത്തിന് മുമ്പേ രാമായണത്തിലും സ്കന്ദപുരാണത്തിലുമുള്ള വ്യാഖ്യാനങ്ങളെ തള്ളിക്കളയാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹിന്ദു മതവിശ്വാസത്തിന്‍റെ അടിസ്ഥാനം ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. 

ശ്രീരാമനെയും അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളെയും മനസിലാക്കാനുള്ള പ്രധാന സ്രോതസ്സ് കൃസ്തു വര്‍ഷത്തിന് മുമ്പ് വാല്‍മീകി രചിച്ച രാമായണമാണ്. രാമായണത്തിലെ ശ്ലോകങ്ങളില്‍ പറയുന്ന നിരവധി കാര്യങ്ങളും വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. ലോകാധിപനായ മകന് കൗസല്യ ജന്മം നല്‍കുമെന്നും രാമന്‍റെ ജനനത്താല്‍ അയോധ്യ അനുഗ്രഹിക്കപ്പെടുമെന്നുമുള്ള ശ്ലോകങ്ങള്‍ വിധിന്യായത്തില്‍ ഇടംപിടിച്ചു.

രാമായണത്തിലെ ശ്ലോകങ്ങള്‍ ഉപയോഗിച്ചാണ് എതിര്‍കക്ഷികള്‍ വാദം ഉന്നയിച്ചതും വിധിന്യായത്തിലുണ്ട്. രാമന്‍റെ ജന്മസ്ഥലം എന്ന പവിത്രത അയോധ്യക്ക് നല്‍കിയിട്ടില്ല. 'ജന്മഭൂമി' എന്ന പദപ്രയോഗം ഒരു പ്രത്യേക സ്ഥലത്തെ ഉദ്ദേശിച്ചല്ല, അയോധ്യയെ മൊത്തം ഉദ്ദേശിച്ചാണ് പറയുന്നത്. രാമന്‍റെ ജന്മസ്ഥലത്തെ ഇഹന്‍ വാക്കുകൊണ്ടും അവധ്പുരി എന്ന വാക്കുകൊണ്ടും സൂചിപ്പിക്കുന്നു. പുരി എന്ന വാക്ക് ജന്മഭൂമി എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ശ്രീരാമന്‍റെ പിതാവായ ദശരഥന്‍റെ കൊട്ടാരത്തില്‍ കൗസല്യ രാമന് ജന്മം നല്‍കിയെന്നതൊഴിച്ചാല്‍ മറ്റൊരു വിശദീകരണവും ഇവ നല്‍കുന്നില്ലെന്നും എതിര്‍ ഭാഗം വാദിച്ചു. എ ഡി എട്ടാം നൂറ്റാണ്ടില്‍ രചിച്ച സ്കന്ദപുരാണത്തെയും തുളസീദാസ് രചിച്ച രാമചരിതമാനസത്തെയും ഹിന്ദു സംഘടനകള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയിരുന്നു. അതേസമയം, പള്ളി നിലനിന്നിരുന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന് തെളിയിക്കുന്നതൊന്നും രാമായണത്തിലോ സ്കന്ദപുരാണത്തിലോ ഇല്ലെന്ന് എതിര്‍വിഭാഗവും വാദിച്ചു. 

click me!