ബിഹാറിൽ ആറ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ പങ്കെടുക്കാത്തതിനെ തുടർന്ന് അവർ എൻഡിഎയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായി. 

പട്‌ന: ബിഹാറിൽ ആറ് കോൺ​ഗ്രസ് എംഎൽഎമാർ എൻഡിഎയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്. മകര സംക്രാന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ ആറ് കോൺഗ്രസ് എംഎൽഎമാരും പങ്കെടുത്തില്ല. തുടർന്നാണ് അഭ്യൂഹമുയർന്നത്. പരിപാടിയിൽ നിരവധി മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തെങ്കിലും ആറ് സിറ്റിംഗ് എംഎൽഎമാരിൽ ആരും പങ്കെടുത്തില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസ് എംഎൽഎമാർ ഔദ്യോഗിക പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞയാഴ്ച, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയ കേന്ദ്രത്തിന്റെ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിലും ആറ് എംഎൽഎമാരിൽ മൂന്ന് പേർ പങ്കെടുത്തില്ല. ബീഹാർ കോൺഗ്രസ് മേധാവി രാജേഷ് റാം, മുൻ എംഎൽസി പ്രേം ചന്ദ്ര മിശ്ര, മുൻ സംസ്ഥാന പ്രസിഡന്റ് മദൻ മോഹൻ ഝാ എന്നിവർ വിരുന്നിൽ പങ്കെടുക്കുകയും പാർട്ടി പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തു.

അതേസമയം, കോൺഗ്രസ് എംഎൽഎമാർ കൂറ് മാറ്റുമെന്ന റിപ്പോർട്ടുകൾ രാജേഷ് റാം തള്ളിക്കളഞ്ഞു. ഞങ്ങളുടെ എല്ലാ നിയമസഭാംഗങ്ങളെല്ലാവരും പാർട്ടിക്കൊപ്പമാണ്. രാഷ്ട്രീയ എതിരാളികൾ ആശയക്കുഴപ്പം സൃഷ്ടിക്കാനും മനോവീര്യം തകർക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

മറ്റ് പരിപാടികൾ ഉണ്ടായിരുന്നതിനാലായിരിക്കാം എംഎൽഎമാർ പാർട്ടി പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടി നേതൃത്വത്തിൽ ആരും അസന്തുഷ്ടരാണെന്ന് അർത്ഥമാക്കുന്നില്ല. ആരും തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 14 അല്ലെങ്കിൽ 15 തീയതികളിൽ 'ഖർമ്സ്' അവസാനിച്ചതിന് ശേഷം എല്ലാ കോൺഗ്രസ് എംഎൽഎമാരും എൻഡിഎയിൽ ചേരുമെന്ന് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മന്ത്രി സഞ്ജയ് സിംഗ് അവകാശപ്പെട്ടിരുന്നു.

മണിഹരിയിൽ നിന്നുള്ള മനോഹർ പ്രസാദ് സിംഗ്, വാൽമീകി നഗറിൽ നിന്നുള്ള സുരേന്ദ്ര പ്രസാദ്, ചൻപതിയയിൽ നിന്നുള്ള അഭിഷേക് രഞ്ജൻ, അരാരിയയിൽ നിന്നുള്ള അബിദുർ റഹ്മാൻ, കിഷൻഗഞ്ചിൽ നിന്നുള്ള എംഡി കമ്രുൾ ഹോഡ, ഫോർബ്സ്ഗഞ്ചിൽ നിന്നുള്ള മനോജ് ബിസ്വാൻ എന്നിവരാണ് ആറ് കോൺഗ്രസ് എംഎൽഎമാർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 61 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആറ് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.

അതേസമയം, നിരവധി ആർജെഡി എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിജെപി മന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ രാം കൃപാൽ യാദവ് അവകാശപ്പെട്ടു. ഖർമസിന് ശേഷം അവർ ഭരണ സഖ്യത്തിൽ ചേരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി അവകാശവാദങ്ങൾ നിരസിച്ചു. മകരസംക്രാന്തിക്ക് മുമ്പ് എല്ലാ വർഷവും ഇത്തരം പ്രസ്താവനകൾ പുറത്തുവരാറുണ്ട്. ഇങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.