'ബാങ്കുവിളി' ഉറക്കം തടസ്സപ്പെടുത്തുന്നുവെന്ന് പരാതി; ശബ്ദം കുറച്ച് മാറ്റങ്ങളുമായി മോസ്ക് മാനേജ്മെന്‍റ്

By Web TeamFirst Published Mar 17, 2021, 5:34 PM IST
Highlights

ബാങ്കുവിളിക്കായ് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഗീത ശ്രീവാസ്തവയുടെ കത്ത്. തുടര്‍ച്ചയായി ഉറക്കം തടസ്സപ്പെടുന്നത് ജോലിയെ സാരമായി ബാധിക്കുന്നുവെന്നായിരുന്നു സംഗീത ശ്രീവാസ്തവ പരാതിപ്പെട്ടത്.

പ്രയാഗ്‍രാജ്: ബാങ്കുവിളി ശബ്ദം ഉറക്കം ശല്യപ്പെടുത്തുവെന്ന് പരാതിയുമായി അലഹബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. ലൗഡ് സ്പീക്കറിന്‍റെ ശബ്ദം കുറച്ചും ദിശ മാറ്റിയും മോസ്കിന്‍റെ പ്രതികരണം. വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവ ബാങ്കുവിളിയേക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിനോടാണ് കത്തിലൂടെ പരാതിപ്പെട്ടത്. ബാങ്കുവിളിക്കായ് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഗീത ശ്രീവാസ്തവയുടെ കത്ത്.

തുടര്‍ച്ചയായി ഉറക്കം തടസ്സപ്പെടുന്നത് ജോലിയെ സാരമായി ബാധിക്കുന്നുവെന്നായിരുന്നു സംഗീത ശ്രീവാസ്തവ പരാതിപ്പെട്ടത്. താന്‍ ഒരു മതത്തിനും എതിരല്ലെന്നും എന്നാല്‍ സമാധാനപരമായ മതേതരത്വമാണ് വേണ്ടതെന്നും പരാതിയില്‍ സംഗീത പറയുന്നു. സിവില്‍ ലൈന്‍ ഏരിയയിലെ മോസ്കില്‍ നിന്നുള്ള ബാങ്കുവിളിയായിരുന്നു വൈസ് ചാന്‍സലറിന്‍റെ പരാതിക്ക് കാരണം.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു സംഗീത ശ്രീവാസ്തവയുടെ പരാതി. ഉറക്കം തടസ്സപ്പെടുന്നതിനാല്‍ തലവേദന മൂലം ജോലി സമയം നഷ്ടമാകുന്നുവെന്നും പരാതി വിശദമാക്കുന്നു.

പരാതിയേക്കുറിച്ച് അറിഞ്ഞതോടെ ലൗഡ് സ്പീക്കറിന്‍റെ ശബ്ദം കുറയ്ക്കാനും ലൗഡ് സ്പീക്കര്‍ വച്ചിരുന്ന ദിശ മാറ്റാനും മോസ്ക് മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഈ വിവരം മോസ്ക് മാനേജ്മെന്‍റ് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഈ വിവരം പൊലീസ് ജില്ലാ മജിസ്ട്രേറ്റിനെ അറിയിച്ചു. 

click me!