'ബാബാ കാ ദാബ'യുടെ പേരില്‍ പണം പിരിച്ചു; യുട്യൂബര്‍ക്കെതിരെ പരാതിയുമായി വൃദ്ധ ദമ്പതികള്‍

By Web TeamFirst Published Nov 2, 2020, 10:59 AM IST
Highlights

ഇവരെ സഹായിക്കണമെന്ന പേരില്‍ അഭ്യര്‍ത്ഥന നടത്തിയ യുട്യൂബര്‍ ആളുകളില്‍ നിന്ന് ലഭിച്ച പണം തട്ടിയെന്നാണ് പരാതി. കൊവിഡ് വ്യാപനത്തിന് പിന്നാലെ കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടിനേക്കുറിച്ചും ഗൌരവ് വാസന്‍ വീഡിയോ എടുത്തിരുന്നു.

ദില്ലി: യുട്യൂബര്‍ ഗൌരവ് വാസനെതിരെ പൊലീസില്‍ പരാതിയുമായി ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികള്‍. തെക്കന്‍ ദില്ലിയില്‍ ബാബാ കാ ദാബ എന്ന തെരുവോര ഭക്ഷണശാല നടത്തിയിരുന്ന ഇവരുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് കാണിച്ചാണ് പരാതി. എണ്‍പതുകാരനായ കാന്ത പ്രസാദാണ് പരാതിക്കാരന്‍. കൊവിഡ് വ്യാപനത്തിന് പിന്നാലെ കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടിനേക്കുറിച്ചും ഗൌരവ് വാസന്‍ വീഡിയോ എടുത്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍  ഈ വീഡിയോ വൈറലാവുകയും നിരവധിയാളുകള്‍ ഇവരെ സഹായിക്കാന്‍ എത്തുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 7 ന് എടുത്ത വീഡിയോ  ഇവരുടെ കടയിലേക്ക് നിരവധി ആളുകളെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇവരെ സഹായിക്കണമെന്ന പേരില്‍ അഭ്യര്‍ത്ഥന നടത്തിയ യുട്യൂബര്‍ ആളുകളില്‍ നിന്ന് ലഭിച്ച പണം തട്ടിയെന്നാണ് പരാതി. രണ്ട് ലക്ഷം രൂപയുടെ ചെക്ക് യുട്യൂബര്‍ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്നു. 

വീഡിയോ വൈറലായതോടെ കടയില്‍ വരുന്നവര്‍ സെല്‍ഫിയെടുക്കാനാണ് വരുന്നതെന്നാണ് കാന്ത പ്രസാദ് പറയുന്നു. നേരത്തെ പതിനായിരം രൂപയ്ക്ക് ആളുകള്‍ സാധനം വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍  മൂവായിരം രൂപയുടെ സാധനങ്ങള്‍ പോലും കഷ്ടിച്ചാണ് ചെലവാകുന്നതെന്നാണ് കാന്ത പ്രസാദ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. മാളവ്യ നഗറിലെ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ചയാണ് പരാതി നല്‍കിയത്.

കാന്താ പ്രസാദിന്‍റെ ബുദ്ധിമുട്ടും കഷ്ടപ്പാടും കാണിച്ച് യുട്യൂബര്‍ പണമുണ്ടാക്കിയെന്നാണ് പരാതി. എന്നാല്‍ വൃദ്ധ ദമ്പതികളുടെ പേരില്‍ പണം തട്ടിയെന്ന ആരോപണം വാസന്‍ നിഷേധിച്ചു. വീഡിയോ എടുക്കുന്ന സമയത്ത് വൈറലാവുമെന്ന് അറിയുക കൂടിയില്ലായിരുന്നു. ആളുകള്‍ കാന്ത പ്രസാദിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു അതിനാലാണ് തന്‍റെ ബാങ്കുവിവരങ്ങള്‍ നല്‍കിയതെന്നാണ് വാസന്‍ പറയുന്നത്. അവരുടെ പേരില്‍ സ്വരൂപിച്ച പണം മുഴുവന്‍ വൃദ്ധ ദമ്പതികള്‍ക്ക് നല്‍കിയെന്നും വാസന്‍ പറയുന്നു. ബാങ്ക് വിവരങ്ങളും വാസന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.  എന്നാല്‍ 20-25 ലക്ഷം രൂപ വരെ വാസന് ലഭിച്ചിട്ടുണ്ടാവാമെന്നാണ് മറ്റ് യുട്യൂബര്‍മാര്‍ പറയുന്നത്. 

click me!