
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ ഹരീഷ് കുമാർ ബാലക് രാമിനെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും കൊലപാതകികൾക്ക് പണം നൽകിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലും രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്.
1999, 2004, 2009 വർഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിച്ച നേതാവ്. മഹാരാഷ്ട്രയുടെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രി. ബാന്ദ്രയിലെ ബോളിവുഡ് താരങ്ങൾക്കും വ്യവസായികൾക്കുമിടയിൽ അത്രമാത്രം സ്വാധീനമുള്ള നേതാവ്.
2013ല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാർ തമ്മിലുണ്ടായ പ്രശസ്തമായ തർക്കം ഒരു ഇഫ്താർ വിരുന്നില്‍ ബാബ സിദ്ദിഖി പുഷ്പം പോലെ പരിഹരിച്ചതും മറ്റൊരു ചരിത്രം. അത്രമാത്രം ബന്ധം ബോളിവുഡിനോടും സിദ്ദിഖി സൂക്ഷിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ നാവായും സിദ്ദിഖി പയറ്റിത്തെളിഞ്ഞ മഹാരാഷ്ട്ര രാഷ്ട്രീയം.
ഒടുവില്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കൗമാരക്കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിദ്ദിഖി പിടിയിറങ്ങിയപ്പോള്‍ കോൺഗ്രസിന് ബാന്ദ്ര മേഖലയിൽ ഉണ്ടായിരുന്ന മേൽക്കൈയ്ക്കും ഉലച്ചില്‍ സംഭവിച്ചിരുന്നു.
എൻസിപി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായ അജിത് പവാർ വിഭാഗത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനായിരുന്നു സിദ്ദിഖിയുടെ തീരുമാനം. മറാഠാ രാഷ്ട്രീയത്തിലെ ഒരു അതികായനാണ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചുവീണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam