
അയോധ്യ: ബാബ്രി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ കനത്ത സുരക്ഷ. അയോധ്യ ഭൂമി തര്‍ക്ക വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബര്‍ ആറാണ് വെള്ളിയാഴ്ച. അയോധ്യ വിധിക്ക് തൊട്ടുമുമ്പ് ഒരുക്കിയ സുരക്ഷക്ക് സമാനമായാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സുരക്ഷയൊരുക്കിയത്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ഡിജിപി പി വി രാമസ്വാമി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
അയോധ്യ ജില്ലയെ നാലാക്കി വിഭജിച്ചാണ് പ്രത്യേക സുരക്ഷയൊരുക്കുന്നതെന്ന് എസ് എസ് പി ആഷിഷ് തിവാരി അറിയിച്ചു. ഓരോ സോണും ഓരോ എസ്പിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ സായുധ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളില്‍ 269 പൊലീസ് പിക്കറ്റും സ്ഥാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഒമ്പത് ദ്രുതകര്‍മ സേന ടീമികളെയും വിന്യസിച്ചു. പ്രശ്ന സാധ്യത കണക്കിലെടുത്ത് 10 താല്‍ക്കാലിക ജയില്‍ തയ്യാറാക്കിയിട്ടുണ്ട്. ക്രമസമാധാന നില തകരാറിലാക്കുന്നതും മതസൗഹാര്‍ദം തകര്‍ക്കുന്നതുമായ യാതൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അയോധ്യ-ബാബ്രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ 10നാണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. പള്ളി പൊളിച്ചുമാറ്റിയിടത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ കോടതി, പകരമായി മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam