
കട്ടക്: സ്ഫോടക വസ്തു വിഴുങ്ങിയതിനെ തുടർന്ന് മാരകമായി പരിക്കേറ്റ ആനക്കുട്ടി ചത്തു. ഒഡീഷയിലെ അങ്കുൾ ജില്ലയിലാണ് ദാരുണമായ സംഭവം. അഞ്ച് വയസുള്ള ഒരു ആനക്കുട്ടിയാണ് ചത്തത്. സ്ഫോടനത്തെ തുടർന്ന് വായും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു. ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്പോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായിൽ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു. വനമേഖലയിൽ വീണുകിടന്ന ആനയെ നാട്ടുകാരാണ് കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് ജനുവരി 15ന് വനംവകുപ്പും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി ചികിത്സ നൽകി. എങ്കിലും രക്ഷിക്കാനായില്ല. ഈ അടുത്ത് സത്യമംഗലം ടൈഗർ റിസർവിനകത്തും സമാനമായ സംഭവമുണ്ടായി. ഒഡിഷയിലെ മയൂർഗഞ്ചിലും കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ കൊമ്പനാന ചത്തിരുന്നു. കേരളത്തിൽ കാട്ടാന സ്ഫോടക വസ്തു കടിച്ച് ചത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam