
ദില്ലി: കോൺഗ്രസിന്റെയും സോണിയാ ഗാന്ധിയുടെയും എടിഎം എന്നുവിളിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺസിങ്ങിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മുന്നറിയിപ്പ്. കൽക്കരി ചരക്കുനീക്കത്തിൽ കോൺഗ്രസ് ഒരു ടൺ കൽക്കരിക്ക് 25 രൂപ കമ്മീഷൻ വാങ്ങുന്നതായും രമൺസിങ് ആരോപിച്ചിരുന്നു. ബിജെപി നേതാവ് ആരോപണങ്ങൾക്ക് തെളിവ് നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടിക്ക് തയ്യാറാകണമെന്നും ബാഗേൽ പറഞ്ഞു.
ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ വിവിധ നഗരങ്ങളിൽ ഉദ്യോഗസ്ഥർ, വ്യവസായികൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ ആരോപണം. റായ്ഗഡ്, റായ്പൂർ, ബിലാസ്പൂർ, കോർബ, മഹാസമുന്ദ് ജില്ലകളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. വർഷങ്ങളായി കൽക്കരിക്കടത്തിൽ കമ്മീഷൻ നടക്കുന്നുണ്ടെന്നും നൂറുകണക്കിന് കോടി രൂപയാണ് പിരിച്ചെടുത്തതെന്നും രമൺ സിങ് ആരോപിച്ചു. കോർബയിലെ ഒരു ചായക്കടക്കാരനും പാൻവിൽപനക്കാരനുപോലും അഴിമതിയെക്കുറിച്ച് അറിയാമെന്നും ഇതൊന്നും പുതിയ കാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. കൽക്കരി വാഷറികൾക്കെതിരെ നടപടി സ്വീകരിച്ചത് സംസ്ഥാന സർക്കാരാണെന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല നടപടിയെടുത്തതെന്നും ബാഗേൽ മറുപടി നൽകി. രമൺ സിംഗ് തന്റെ 15 വർഷത്തെ ഭരണത്തിൽ അത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ? എന്തായാലും കൽക്കരി കേന്ദ്ര സർക്കാരിന്റെ വിഷയമാണ്. അതിൽ സംസ്ഥാന സർക്കാർ എന്ത് പങ്കാണ് വഹിക്കുന്നത്? ഖനികൾ അനുവദിക്കുന്നത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനത്തെ 58 കൽക്കരി ഖനികളിൽ 52 എണ്ണവും എസ്ഇസിഎൽ (സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്) ആണ് നടത്തുന്നത്. കൽക്കരി ഗതാഗതത്തിന്റെ കാരണം പറഞ്ഞ് സംസ്ഥാനത്തെ നിരവധി പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കി. വ്യവസായങ്ങൾക്ക് ആവശ്യത്തിന് കൽക്കരി ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് രമൺ സിംഗ് ഇതേക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാത്തതെന്നും ബാഗേൽ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ രമൺ സിങ്ങിന്റെ നടപടിയും ബാഗേൽ വിമർശിച്ചു. സ്വയം ഭയക്കുന്നതുകൊണ്ടാണ് അദ്ദേഹം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. അദ്ദേഹത്തിന് സാഹചര്യം ഞങ്ങൾക്കറിയാം. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടന്നാൽ അദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ മോശമാകും. ഇതാണ് ഉദ്യോഗസ്ഥരുരെ ഭീഷണിപ്പെടുത്താനുള്ള കാരണം. 15 വർഷത്തെ ബിജെപി ഭരണത്തിൽ ഇതേ ഉദ്യോഗസ്ഥരായിരുന്നു. അന്നവർ നല്ലവരായിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥർ മോശമായി. ഉദ്യോഗസ്ഥർ അവരുടെ ചുമതലകൾ നിറവേറ്റുകകയാണെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും ബാഗേൽ പറഞ്ഞു.
കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും മുഖ്യമന്ത്രി ആവർത്തിച്ചു. തെറ്റായ കാര്യങ്ങളിൽ ഏജൻസികൾ നടപടിയെടുക്കുകയാണെങ്കിൽ സ്വാഗതാർഹമാണെന്നും എന്നാൽ മറ്റു സർക്കാരുകളെയോ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയക്കാരെയോ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഉപകരണമായി അവയെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി രമൺ സിങ്ങും രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ ഭീഷണികൾ ഫലിക്കില്ല. നിങ്ങൾ സംസ്ഥാനത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.