
ലഖ്നൗ: ദേശീയപാത വികസനത്തിനായി ക്ഷേത്രം പൊളിച്ചുമാറ്റേണ്ടി വന്നപ്പോൾ പകരം ഭൂമി ദാനം നൽകി മുസ്ലിം മുസ്ലിം യുവാവ്. തന്റെ പേരിലുള്ള ഭൂമിയുടെ ഒരു ഭാഗം അദ്ദേഹം ജില്ലാ ഭരണകൂടത്തിന് എഴുതി നൽകി. ഇദ്ദേഹം ഭൂമി നൽകിയതോടെ ദേശീയപാതയുടെ വികസനത്തിനായി ക്ഷേത്രം അവിടേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. ഷാജഹാന്‍പുരിലെ ഗ്രാമത്തില്‍ ദില്ലി-ലക്‌നൗ ദേശീയപാത-24 വീതി കൂട്ടാനുള്ള പദ്ധതി ക്ഷേത്രം പൊളിച്ചുമാറ്റേണ്ടതിനാൽ തീരുമാനമാകാതെ മുടങ്ങിക്കിടക്കുകയായിരുന്നു.
പ്രശ്നം മനസിലാക്കിയ ബാബു അലി എന്നയാൾ ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ തന്റെ ഭൂമിയിൽനിന്ന് ഒരേക്കറോളം വിട്ടുനൽകുകയായിരുന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (അഡ്മിനിസ്‌ട്രേറ്റ്) രാംസേവക് ദ്വിവേദിയാണ് ഇക്കാര്യം പിടിഐയോട് പറഞ്ഞത്. ഭൂമി ഭരണകൂടത്തിന് കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായതായി തിൽഹാർ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാശി കൃഷ്ണ പറഞ്ഞു. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ മാതൃകയാണ് ബാബു അലിയെന്നും അവർ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായുള്ള മുസ്ലീം ദമ്പതികൾ സെപ്തംബർ മാസത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് ഒരു കോടി രൂപ സംഭാവന നൽകിയതും വാർത്തയായിരുന്നു. സുബീന ബാനുവും അബ്ദുൾ ഗനിയുമാണ് സംഭാവന നൽകിയത്. നേരത്തെ, ഹനുമാൻ ക്ഷേത്രം മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ക്ഷേത്ര പൂജാരിമാരും ഗ്രാമവാസികളുമടക്കം 32 പേർക്കെതിരെ പ്രതിരോധ നടപടി സ്വീകരിച്ചിരുന്നു.