ബാലാകോട്ടിൽ വീണ്ടും ജയ്‍ഷെ ക്യാമ്പ് സജീവം, തിരിച്ചടിക്കുമെന്ന സൂചനയുമായി കരസേനാ മേധാവി

By Web TeamFirst Published Sep 23, 2019, 11:54 AM IST
Highlights

ഇന്ത്യയുടെ അതിർത്തിയിൽ ഏതാണ്ട് 500 നുഴഞ്ഞുകയറ്റക്കാരെങ്കിലും തക്കംപാർത്തു നിൽക്കുന്നുണ്ടെന്നും, ഇന്ത്യൻ സൈന്യം സർവസജ്ജമാണെന്നും കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്. കുറച്ച് ദിവസങ്ങൾ മുമ്പ് വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കി. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാകോട്ടിലും കനത്തതാകുമെന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.

ചെന്നൈയിലെ ഓഫീസേഴ്‍സ് ട്രെയിനിംഗ് അക്കാദമിയിൽ മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു ജനറൽ ബിപിൻ റാവത്ത്. ഏതാണ്ട് 500-ഓളം നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയുടെ പല അതിർത്തികളിലായി തക്കം പാർത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. 

ഈ വെല്ലുവിളികളെല്ലാം നേരിടാൻ തീർത്തും സജ്ജമാണ് ഇന്ത്യൻ സൈന്യമെന്ന് ബിപിൻ റാവത്ത് അറിയിച്ചു. ബാലാകോട്ട് പോലൊരു പ്രത്യാക്രമണം ഇന്ത്യ തുടരുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ''എന്തുകൊണ്ട് ബാലാകോട്ട് ആവർത്തിക്കണം? അതിനുമപ്പുറത്തുള്ള തിരിച്ചടി നൽകിക്കൂടേ? അവർ എന്തുണ്ടാകുമെന്ന് ആലോചിച്ചുകൊണ്ടേയിരിക്കട്ടെ''. 

കശ്മീരിൽ തീവ്രവാദികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ബിപിൻ റാവത്ത് പറഞ്ഞു. താഴ്‍വരയിൽ ജനജീവിതം സാധാരണ നിലയിലാണ്. പാകിസ്ഥാൻ തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരിൽ ഒളിപ്പോര് നടത്തുകയാണ്. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജമ്മു കശ്മീരിലെ വാർത്താ വിനിമയമടക്കമുള്ളവയിലെ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം അതിനെ എതിർത്തു. ''സാധാരണക്കാർക്ക് തമ്മിൽ സംസാരിക്കുന്നതിന് ഒരു പ്രശ്നവുമില്ല. പ്രശ്നം തീവ്രവാദികൾക്കാണ്. അവർക്ക് തമ്മിൽ സംസാരിക്കാനാകുന്നില്ലെന്നതാണ് പ്രശ്നം''. 

click me!