മെട്രോ തൂൺ തകർന്ന് വീണ ദുരന്തത്തിന് പിന്നാലെ ബെംഗളുരുവിൽ വീണ്ടും ഞെട്ടൽ; നഗര മധ്യത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു

By Web TeamFirst Published Jan 12, 2023, 4:14 PM IST
Highlights

നഗര മധ്യത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം കൂടിയായ ബ്രിഗേഡ് റോഡിലുണ്ടായ ഗർത്തത്തിൽ ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെടുകയും ചെയ്തു

ബെംഗളുരു: മെട്രോ തൂൺ തകർന്ന് വീണുണ്ടായ ദുരന്തത്തിന് പിന്നാലെ ബെംഗളുരു നഗരത്തിൽ വീണ്ടും അനിഷ്ട സംഭവം. ബെംഗളുരു നഗരത്തിൽ റോഡ് പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തി പരത്തി. ബംഗളുരുവിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നായ ബ്രിഗേഡ് റോഡിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. നഗര മധ്യത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം കൂടിയായ ബ്രിഗേഡ് റോഡിലുണ്ടായ ഗർത്തത്തിൽ ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെടുകയും ചെയ്തു. ഗർത്തം രൂപപ്പെട്ട സമയത്ത് ഈ വഴി സഞ്ചരിക്കുകയായിരുന്ന ഒരു സ്കൂട്ടർ യാത്രക്കാരനാണ് കുഴിയിൽ വീണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഏവരും.

ബംഗളുരു മെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. ഈ റോഡിന് അടിയിൽ കൂടിയാണ് പുതിയ അണ്ടർഗ്രൗണ്ട് മെട്രോ പാത കടന്നുപോകുന്നത്. റോഡിൽ ഗർത്തം ഉണ്ടായതിന്‍റെ കാരണം എന്തെന്ന് കണ്ടെത്താനുള്ള പരിശോധനയിലാണ് അധികൃതർ. ബെംഗളുരു നമ്മ മെട്രോ അധികൃതരും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. മെട്രോയ്ക്ക് ഗർത്തം ഭീഷണിയല്ലെന്നും, എന്താണ് റോഡ് ഇടിഞ്ഞു താഴാനുള്ള കാരണമെന്ന് അന്വേഷിക്കുമെന്നും പി ഡബ്ല്യു ഡി വകുപ്പ് അറിയിച്ചു. തൽക്കാലം കുഴി സിമന്‍റ് കൊണ്ടുവന്ന് അടച്ചിട്ടുണ്ട്. 

'സർക്കാരിന്‍റെ അലംഭാവം അനുവദിക്കില്ല'; തണ്ണീർത്തട സംരക്ഷണ ഉത്തരവ് നടപ്പാക്കാത്തതിൽ കേരളത്തിന് രൂക്ഷ വിമർശനം

അതേസമയം ബംഗളുരു മെട്രോ തൂൺ തകർന്ന് വീണ് മരിച്ച കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക അനുവദിച്ചിട്ടുള്ളതെന്നും സ‍ർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാഗവര സ്വദേശികളായ തേജസ്വിനിയും മകൻ വിഹാനുമാണ് കഴിഞ്ഞ ദിവസം മെട്രോ തൂൺ തകർന്ന് വീണ് ദാരുണമായി കൊല്ലപ്പെട്ടത്. മെട്രോ തൂൺ കയറിൽ കെട്ടി ഉയർത്തുമ്പോൾ കയർ പൊട്ടി താഴേക്ക് വീണാണ് അപകടമുണ്ടായത്. ബെംഗളുരു എച്ച് എസ് ആര്‍ ലേ ഔട്ടിന് സമീപത്തുള്ള ഔട്ടർ റിംഗ് റോഡിന് സമീപത്തെ റോഡിലാണ് പണിതുകൊണ്ടിരുന്ന ബെംഗളുരു മെട്രോ തൂണ്‍ റോഡിലേക്ക് തകര്‍ന്ന് വീണ് അപകടമുണ്ടായതും ഇവർ മരണപ്പെട്ടതും. മെട്രോ തൂണ്‍ റോഡിലേക്ക് തകര്‍ന്ന് വീണ സമയം ഇതിലേ കടന്നുപോയ ഇരുചക്ര വാഹന യാത്രികരായിരുന്നു ഇവർ. നാലംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. തൂണിനടയില്‍പ്പെട്ട അമ്മയേയും രണ്ടര വയസുള്ള മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് കുമാറും മകളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

click me!