'അക്രമിയുടെ മുഖത്ത് തന്നെ പ്രയോഗിക്കണം'; പെപ്പർ സ്പ്രേ വിലക്ക് പിന്‍വലിച്ച് ബെംഗലുരു മെട്രോ

By Web TeamFirst Published Dec 4, 2019, 2:24 PM IST
Highlights

നിലവിൽ കർശന പരിശോധനയ്ക്കു ശേഷമാണ് മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ കടത്തിവിടാറ്. പല സ്റ്റേഷനുകളിൽ നിന്നും പരിശോധനക്കിടെ സത്രീയാത്രക്കാരിൽ നിന്ന് ജീവനക്കാർ പെപ്പർ സ്പ്രേ പിടിച്ചെടുക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. 

ബെംഗലുരു: രാജ്യത്തെ നടുക്കിയ ഹൈദരാബാദ് പീഡനത്തിനു ശേഷം സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിയുള്ള നടപടികൾക്ക് വേഗതയേറുകയാണ്. ഇതിന്‍റെ ഭാഗമായി ബെംഗലുരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുളളിൽ പെപ്പർ സ്പ്രേ കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. മെട്രോ ട്രെയിൻ യാത്രക്കാർക്ക് സ്വയരക്ഷയെല മുന്‍നിര്‍ത്തി പെപ്പർ സ്പ്രേ കയ്യിൽ കരുതാമെന്ന് ബിഎംആർസിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ കർശന പരിശോധനയ്ക്കു ശേഷമാണ് മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ കടത്തിവിടാറ്. പല സ്റ്റേഷനുകളിൽ നിന്നും പരിശോധനക്കിടെ സത്രീയാത്രക്കാരിൽ നിന്ന് ജീവനക്കാർ പെപ്പർ സ്പ്രേ പിടിച്ചെടുക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

മെട്രോ റെയിൽ കോർപ്പറേഷന്റെ സ്വേച്ഛോപരമായ നടപടിയാണിതെന്നും മെട്രോ ട്രെയിനിൽ മാത്രമല്ല അതിനുശേഷം ബസ്സിലും ഓട്ടോയിലും സഞ്ചരിക്കേണ്ട യാത്രക്കാരുടെ സുരക്ഷയും പ്രധാനമാണെന്ന്  ബിഎംആർസിഎൽ അധികൃതർക്കെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. അതുപോലെ തന്നെ സ്റ്റേഷനുള്ളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത്  ബിഎംആർസിയുടെ ഉത്തരവാദിത്തമാണെന്നും, പെപ്പർ സ്പ്രേ കൊണ്ടുപോകുന്നതിന് അനുമതി നൽകിയല്ല സുരക്ഷ ഉറപ്പാക്കേണ്ടതെന്നും സമാന്തരമായി വിമര്‍ശനം ഉയരുന്നുണ്ട്. 

click me!