
ചെന്നൈ: ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേയ്ക്ക് കടന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ. തൻവീർ അഹമ്മദ് (29) എന്നയാളാണ് പിടിയിലായത്. ഇന്ത്യയിൽ എത്തി മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടിക്കിടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ വെച്ചാണ് തൻവീർ അഹമ്മദ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ അറസ്റ്റിലായ ആറ് പേരിൽ നിന്ന് വംഗമേട് മേഖലയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് തൻവീർ അഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിയാതിരുന്നത് സംശയത്തിന് ഇടയാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായ പരിശോധന നടത്തിയപ്പോൾ തൻവീറിൻ്റെ പക്കൽ പ്രാദേശിക വിലാസമുള്ള ആധാർ കാർഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
താൻ ബംഗ്ലാദേശ് പൗരനാണെന്നും മൂന്ന് വർഷം മുമ്പ് ബംഗ്ലാദേശിൽ വെച്ച് അമ്മാവനെ കൊലപ്പെടുത്തിയതിന് ശേഷം ഭാര്യ സൊഹാസിമിനൊപ്പം ഇന്ത്യയിലേക്ക് കടന്നതായും തൻവീർ വെളിപ്പെടുത്തി. ഏഴ് മാസം മുമ്പാണ് തൻവീർ സുഹൃത്ത് മമ്മുലിൻ്റെ സഹായത്തോടെ വംഗമേട്ടിലേക്ക് താമസം മാറിയത്. മാരിമുത്തു എന്നയാളാണ് 6,000 രൂപയ്ക്ക് ഇന്ത്യൻ വിലാസമുള്ള ആധാർ കാർഡ് ലഭിക്കാൻ മൂവരെയും സഹായിച്ചത്. തൻവീറിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam