
ചെന്നൈ: ഡോ.കെ എം ചെറിയാന്‍റെ വിയോഗം ദു:ഖകരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അസംഖ്യം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഹൃദ്രോഗവിദഗ്ധനാണ് അദ്ദേഹം. വൈദ്യശാസ്ത്രരംഗത്ത് മുന്നേറുന്നതിന് പ്രചോദനമാണ് ഡോ. ചെറിയാന്‍റെ സംഭാവനകളെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ബംഗളുരുവിൽ എത്തിയതായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത് മലയാളിയായ ഡോ. കെ എം ചെറിയാൻ ആണ്.
ഡോ. കെ.എം ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam