
ഹൈദരാബാദ്: ഹൈദരാബാദിലെ ലഹരിപാർട്ടിയിലെ അന്വേഷണം തെലങ്കാനയിലെ കൂടുതൽ രാഷ്ട്രീയ നേതാക്കളിലേക്കും സിനിമാ താരങ്ങളിലേക്കും നീളുന്നു. മുൻ കേന്ദ്രമന്ത്രി രേണുകാ ചൗധരിയുടെ മരുമകൻ കിരൺ രാജുവിന് പാർട്ടി നടന്ന പബ്ബിൽ പങ്കാളിത്വമുണ്ടെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി . ചിരജ്ഞീവിയുടെ അനന്തരവൾ നിഹാരിക അടക്കമുള്ള യുവാതാരങ്ങളും ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ മക്കളും പബ്ബിലെ സ്ഥിരം സന്ദർശകരാണെന്ന് കണ്ടെത്തി. പൊലീസ് അറിവോടെയാണ് ലഹരിപാർട്ടി നടന്നതെന്ന കണ്ടെത്തലിനെ തുടർന്ന് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
ഹൈദരാബാദ് ബെഞ്ചാര ഹിൽസ്സ് ലഹരിപാർട്ടിയിലെ ഉന്നത രാഷ്ട്രീയ പൊലീസ് ബന്ധങ്ങളിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നത്. പൊലീസ് അറിവോടെയാണ് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള പബ്ബിൽ സ്ഥിരം ലഹരിപാർട്ടി നടന്നിരുന്നത്. ടോളിവുഡിലെ ചില യുവതാരങ്ങൾ സ്ഥിരം സന്ദർശകരായിരുന്നു. ഞയറാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഹൈദരാബാദ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡിൽ കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പബ്ബിൽ നിന്ന് പിടിച്ചെടുത്തത്. മദ്യംസൂക്ഷിച്ചിരുന്ന ഷെൽഫുകളിലും സ്ട്രോ ഇട്ട് വച്ചിരുന്ന ബോക്സുകൾ, ശുചിമുറിയിൽ നിന്നുമായി കൊക്കെയ്ൻ എംഡിഎംഎ പായ്ക്കറ്റുകളാണ് കണ്ടെത്തിയത്.
150 പേരാണ് ബെഞ്ചാര ഹിൽസ്സിലെ ലഹരി പാർട്ടിയിൽ ഈ സമയം ഉണ്ടായിരുന്നുത്. ഹൈദരാബാദിലെ നാല് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരുടെ മക്കൾ, ചിരജ്ഞീവിയുടെ മരുമകൾ നിഹാരിക,തെലുങ്ക് ഗായകൻ രാഹുൽ സിപ്ലിഗഞ്ച്, ടിഡിപി എംപി ജയദേവ് ഗല്ലയുടെ മകൻ സിദ്ധാർഥ് ഗല്ല, മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരിയുടെ മരുമകൻ കിരണ് രാജു, കോൺഗ്രസ് നേതാവ് എകെ യാദവിൻറെ മകൻ അടക്കമാണ് പബ്ബിൽ നിന്ന് പിടിയിലായത്.
കിരൺ രാജുവിന് പബ്ബിൽ നിക്ഷേപമുണ്ടായിരുന്നതിൻറെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രേണുകാ ചൗധരിയുടെ മകൾ തേജസ്വിനിയുടെ പങ്കാളിത്വം പരിശോധിക്കുകയാണ്.തേജസ്വിനിയുടെ സ്ഥാപനങ്ങളിൽ അന്വേഷമ സംഘം പരിശോധന നടത്തി. എന്നാൽ ഒന്നരവർഷം മുമ്പ് കിരണുമായുള്ള ബന്ധം മകൾ പിരിഞ്ഞതാണെന്നും ഇപ്പോഴത്തെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും രേണുകാചൗധരി പ്രതികരിച്ചു. ബെഞ്ചാര ഹിൽസ് സിഐയുടെ അറിവോടെയായിരുന്നു ലഹരിപാർട്ടി നടന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സിഐ ശിവ ചന്ദ്ര എന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, മകൾ നിഹാരിക പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി നടൻ നാഗ ബാബു വീഡിയോ പ്രസ്താവന നടത്തി. നിഹാരിക തെറ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ കൂടിയായ നാഗ ബാബു പറഞ്ഞു. നിഹാരികയെക്കുറിച്ച് അനാവശ്യ ഊഹാപോഹങ്ങൾ മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും പ്രചരിപ്പിക്കരുതെന്നും നാഗ ബാബു അഭ്യർത്ഥിച്ചു.