ഇലക്ട്രിസിറ്റി ബില്ലടച്ചവരുടെ പേരും ആധാറും ഫോണ്‍ നമ്പറുമടക്കം 20 ലക്ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനില്‍

By Web TeamFirst Published Oct 12, 2019, 11:53 AM IST
Highlights
  • പേരും ഫോണ്‍ നമ്പറുമടക്കം 20 ലക്ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനില്‍,
  • ചോര്‍ന്നത് ഹിമാചലിലെ ഇലക്ട്രിസിര്റി ബോര്‍ഡിന്‍റെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍


ദില്ലി: ഹിമാചല്‍ പ്രദേശിലെ ഇലക്ട്രിസിറ്റി ഉപഭോക്താക്കളായ 20 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറും ആധാര്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍. ബാങ്ക് അക്കൗണ്ടുവഴി ഇലക്ട്രിസിറ്റി ബില്‍ അടച്ചവരുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.  വ്യക്തികളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ബില്ലടച്ചവരുടെ പേര്, ഇമെയില്‍ ഐഡി, ബോര്‍ഡ് കസ്റ്റമര്‍ ഐഡി, ആധാര്‍ നമ്പര്‍,  ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ഡീറ്റേല്‍സ്, ഐഎഫ്എസ്‍സി കോഡ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. 

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ വ്യക്തിവിവരങ്ങളും ശേഖരിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ഫോണ്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് മറ്റ് വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിക്കും. സൈബര്‍ സെക്യൂരിറ്റി ഗവേഷകനായ ഋഷി ദ്വിവേദിയാണ് വിവര ചോര്‍ച്ച കണ്ടെത്തിയത്. വെബ്സൈറ്റില്‍ നിന്ന് ആര്‍ക്കും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് ദ്വിവേദി കണ്ടെത്തിയത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും  ഡാറ്റാ ലോക്കിങ് സിസ്റ്റവും വെബ്സൈറ്റിന് ഇല്ലെന്ന് അദ്ദേഹം കണ്ടെത്തി. 

ഇത് സംബന്ധിച്ച് എച്ച്പിഎസ്ഈബിഎല്ലിന് മെയില്‍ അയച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ദ്വിവേദി പറയുന്നു. ഇത്തരം വിവരങ്ങള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സാധിക്കും. വലിയ ഡിമാന്‍റാണ് ഇത്തരം വിവരങ്ങള്‍ക്കെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആദാര്‍ വിവരങ്ങള്‍ ഉള്ളതിനാല്‍ ഡ്യൂപ്ലിക്കേറ്റ് ആദാര്‍ ഉണ്ടാക്കി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുമെന്നും വലിയ സുരക്ഷാ പ്രശ്നമാണിതെന്നും സൈബര്‍ സുരക്ഷാ ഗവേഷകനായ ദ്വിവേദി വ്യക്തമാക്കുന്നു.

click me!