
ദില്ലി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 11 ന് ആണ് സൂചനാ പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് യു എഫ് ബി യു അറിയിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം ജോലി, പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീം പിൻവലിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമര തിയ്യതി പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിലെ 90 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. പൊതുമേഖലാ, സ്വകാര്യ, വിദേശ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ജീവനക്കാരെയാണ് ഈ സംഘടന പ്രതിനിധീകരിക്കുന്നത്.
അഞ്ച് ദിവസം ജോലി
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാം എന്ന വ്യവസ്ഥയിൽ എല്ലാ ശനിയാഴ്ചകളും അവധിയാക്കാൻ ബാങ്കുകൾ 2024 മാർച്ച് 8-ലെ വേതന കരാറിൽ സമ്മതിച്ചിരുന്നു. ഈ നിർദ്ദേശം ധനമന്ത്രാലയത്തിന് സമർപ്പിച്ച് രണ്ട് വർഷത്തിലേറെയായെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ആർ ബി ഐ, എൽ ഐ സി, ജി ഐ സി, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിലവിൽ 5 ദിവസമാണ് പ്രവൃത്തി ദിനം.
പിഎൽഐ പദ്ധതിയിലെ വിവേചനം
2020-ൽ നടപ്പിലാക്കിയ പി എൽ ഐ സ്കീം പ്രകാരം ബാങ്കിന്‍റെ പെർഫോമൻസ് അനുസരിച്ച് താഴേക്കിടയിലുള്ള ജീവനക്കാർ മുതൽ ജനറൽ മാനേജർമാർ വരെ പരമാവധി 15 ദിവസത്തെ ശമ്പളമാണ് ഇൻസെന്റീവായി ലഭിച്ചിരുന്നത്. എന്നാൽ 2024 നവംബറിൽ കൊണ്ടുവന്ന പുതിയ മാറ്റം അനുസരിച്ച് സ്കെയിൽ IV മുതൽ VII വരെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് 365 ദിവസത്തെ ശമ്പളം വരെ ഇൻസെന്റീവായി ലഭിക്കും. ബാക്കി 95% വരുന്ന ജീവനക്കാർക്ക് പഴയ പോലെ പരമാവധി 15 ദിവസത്തെ തുക മാത്രമേ ലഭിക്കൂ. ഈ വിവേചനപരമായ പുതിയ ഇൻസെന്റീവ് രീതി ഉപേക്ഷിക്കണമെന്നും ബാക്കി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam