തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യെ പരിഹസിച്ച് എടപ്പാടി പളനിസ്വാമി. വിജയ്ക്ക് പ്രധാനമന്ത്രി അല്ല, അമേരിക്കൻ പ്രസിഡൻ്റ് വരെ ആകാമെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പരിഹസിച്ചു.
ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യെ ടിവികെ നേതാക്കൾ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിൽ പരിഹാസവുമായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. വിജയ്ക്ക് പ്രധാനമന്ത്രി അല്ല, അമേരിക്കൻ പ്രസിഡൻ്റ് വരെ ആകാൻ കഴിയുമെന്ന് എടപ്പാടി പളനിസ്വാമി പരിഹസിച്ചു.
"അദ്ദേഹത്തിന് അമേരിക്കയുടെ പ്രസിഡൻ്റ് വരെ ആകാം. അദ്ദേഹത്തിന് ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റൊന്നുമില്ല, അത് അദ്ദേഹത്തിൻ്റെ ഇഷ്ടമാണ്. ഇവിടെ റീലുകൾ ഇറക്കിയാണ് അവർ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ല"- എടപ്പാടി പളനിസ്വാമി പരിഹസിച്ചു.
വിജയ് ഒരു ചെലവേറിയ മുഖ്യമന്ത്രിയാണെന്ന് വിശേഷിപ്പിച്ച പളനിസ്വാമി, നിലവിലെ ഭരണകൂടത്തിൻ്റെ ചെലവുകളെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലവുമായി താരതമ്യം ചെയ്യുകയും ചെയ്തു. അമ്മയുടെ ഭരണകാലത്ത്, ചെലവുകൾ കുറയ്ക്കുന്നതിനായി വീഡിയോ കോൺഫറൻസിങ് വഴിയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്ന് പളനിസ്വാമി പറഞ്ഞു. ടിവികെ സർക്കാർ അധികാരത്തിലേറി 110 ദിവസത്തിനുള്ളിൽ തമിഴ്നാടിൻ്റെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നും കൊലപാതകങ്ങളും കവർച്ചകളും സംഘർഷങ്ങളും വർധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ് യോഗ്യനാണെന്ന വാദവുമായി ടിവികെ നേതാക്കൾ രംഗത്തെത്തുന്നതിനിടെയാണ് അണ്ണാ ഡിഎംകെ നേതൃത്വത്തിൻ്റെ പരിഹാസം. കേന്ദ്രസർക്കാർ തലപ്പത്തേക്ക് തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് എത്തണമെന്ന് ടിവികെ മന്ത്രിയായ ആദവ് അർജുന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വിജയ്‍യെ എംജിആറുമായും ജയലളിതയുമായും താരതമ്യം ചെയ്ത ടിവികെ നേതാക്കളായ കെ എ സെങ്കോട്ടയ്യനും ഡി ശരത്കുമാറും, വിജയ് തമിഴ്നാട് മാത്രമല്ല, രാജ്യവും ഭരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിജയ് രാജ്യത്തെയും നയിക്കുമെന്നും തമിഴ്നാടിൻ്റെ പ്രതിനിധിയായി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുമെന്നും ടിവികെ എംഎൽഎ കല്ലനയ് പ്രതികരിച്ചിരുന്നു.
അതേസമയം ടിവികെ നേതാക്കളുടെ അവകാശവാദത്തിൽ സഖ്യകക്ഷിയായ കോൺഗ്രസിൽ മുറുമുറുപ്പ് ഉണ്ടായിട്ടുണ്ട്. 2029ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടിവികെ അംഗീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ രാജേഷ് കുമാർ രംഗത്തെത്തി. അല്ലാത്തപക്ഷം മന്ത്രിസഭയിൽനിന്ന് രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


