കൊവിഡ് ഭീതി: വീട്ടിലേക്ക് പോകുന്നത് തടഞ്ഞ് നാട്ടുകാർ, ഒരു രാത്രി മുഴുവന്‍ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം

By Web TeamFirst Published Jul 12, 2020, 6:57 PM IST
Highlights

രാത്രി കഴിച്ചു കൂട്ടാൻ വേറെ സ്ഥലം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മോഹ്വായും മകനും അടുത്തുള്ള ബസുദേബ്പുർ അഗുൻഖല്ലി ശ്മശാനത്തിലെ ഒരു മുറിയിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങൾ മോശം കാലാവസ്ഥ വരുമ്പോൾ സൂക്ഷിക്കുന്നതായിരുന്നു ഈ മുറി. 

കൊൽക്കത്ത: നാട്ടുകാർ വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് ഒരു കുടുംബത്തിന് രാത്രി മുഴുവൻ കഴിയേണ്ടി വന്നത് ശ്മശാനത്തിൽ. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ അമ്മയെയും മകനെയുമാണ് കൊവിഡ് ഭീതിയെ തുടർന്ന് നാട്ടുകാർ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്.

മോഹ്വാ മുഖർജി, മകൻ രോഹിത് എന്നിവരെയാണ് നാട്ടുകാർ തടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജധാനി എക്സ്പ്രസിൽ ഇരുവരും ദില്ലിയിൽ നിന്ന് കൊൽക്കത്തയിലെത്തിയത്. മോഹ്വായുടെ ഭർത്താവ് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് മരിച്ചതാണ്. ദില്ലിയിൽ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മകനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ലോക്ക്ഡൗണിന് പിന്നാലെ വ്യാപാരം നഷ്ടത്തിലായതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

മോഹ്വായുടെ പിതാവിന്‍റെ വീട്ടിലേക്കാണ് ഇവർ മടങ്ങിയെത്തിയത്. പക്ഷെ ഇവിടെയെത്തിയപ്പോൾ വീട്ടിലേക്ക് കടത്താതെ നാട്ടുകാർ തടയുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ദില്ലിയിൽ നിന്ന് വന്നതിനാൽ കൊവിഡ് പകരുമെന്ന ഭീതിയിലായിരുന്നു നാട്ടുകാരുടെ എതിർപ്പ്. ആളുകളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഇരുവരും സഹർപുരിലുള്ള ഇവരുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോയി. 

എന്നാലും ഇവിടെയും പ്രദേശവാസികൾ എതിർപ്പുമായി എത്തുകയായിരുന്നു. രാത്രി കഴിച്ചു കൂട്ടാൻ വേറെ സ്ഥലം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മോഹ്വായും മകനും അടുത്തുള്ള ബസുദേബ്പുർ അഗുൻഖല്ലി ശ്മശാനത്തിലെ ഒരു മുറിയിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങൾ മോശം കാലാവസ്ഥ വരുമ്പോൾ സൂക്ഷിക്കുന്നതായിരുന്നു ഈ മുറി. മോഹ്വായുടെ അച്ഛനും സഹോദരനും ഇവർക്കൊപ്പം ഇവിടെത്തന്നെ തങ്ങി.

പിറ്റേദിവസം രാവിലെ സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയതിനാൽ പതിനാല് ദിവസത്തെ ക്വറന്‍റീനിൽ കഴിയാനാണ് ഇരുവരോടും നിർദേശിച്ചിരിക്കുന്നത്.

click me!