രാജസ്ഥാനില്‍ പ്രതിസന്ധി; എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

By Web TeamFirst Published Jul 12, 2020, 5:58 PM IST
Highlights

ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
 

ദില്ലി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എംഎല്‍എമാരുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് കൂടിക്കാഴ്ച നടത്തുന്നത്. രാത്രി ഒമ്പത് മണിക്കാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം. പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പുറമെ, സര്‍ക്കാറിനെ പിന്തുണക്കുന്ന മറ്റ് എംഎല്‍എമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമാര്‍ക്കൊപ്പം സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അഭ്യൂഹമുയര്‍ന്നു. 
സര്‍ക്കാറിനെ താഴെയിറക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്നില്‍ മധ്യപ്രദേശ് ഒരു പാഠമാണെന്ന് കായിക മന്ത്രി അശോക് ചന്ദ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവര്‍ക്ക് ഇപ്പോഴും അര്‍ഹിച്ച പരിഗണന കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അന്തസ്സ് നഷ്ടപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് എവിടെനിന്നും ബഹുമാനം ലഭിക്കില്ലെന്നും അശോക് ചന്ദ പറഞ്ഞു. ഞായറാഴ്ച രാവിലെയും അശോക് ഗെഹ്ലോട്ട് എംഎല്‍എമാരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
 

click me!