
ഡൽഹി: പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ) മിസൈലുകൾക്ക് ആവശ്യമായ 300 ഓപ്റ്റിക്കൽ സൈറ്റുകൾ വാങ്ങുന്നതിനായി മുൻ സി.എം.ഡി സിദ്ധാർത്ഥ് മിശ്രയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള കമ്പനിക്ക് ഏകപക്ഷീയമായി കോടികളുടെ കരാർ നൽകാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. അടിയന്തര സാഹചര്യം എന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരലേലം ഒഴിവാക്കി ഐന്ദ്രി ഡിഫൻസ് അഡ്വൈസറി (Aindri Defence Advisory) എന്ന സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയത്. സാങ്കേതിക മൂല്യനിർണയം പൂർത്തിയാക്കിയ ഐന്ദ്രി ഡിഫൻസ് സമർപ്പിച്ച 56.8 കോടി രൂപയുടെ ബിഡ് നിലവിൽ ബി.ഡി.എല്ലിൻ്റെ പരിഗണനയിലാണ്. കോടികളുടെ വഴിവിട്ട ഇടപാടിന്റെ വിവരങ്ങൾ 'ദി ഇന്ത്യൻ എക്സ്പ്രസ്' ആണ് പുറത്തുവിട്ടത്.
ടാങ്ക് വേധ മിസൈലുകളിൽ ലക്ഷ്യം കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന നിർണായക ഘടകമാണ് ഓപ്റ്റിക്കൽ സൈറ്റുകൾ. മുൻപ് 2024-ലും 2025-ലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രം അവസരം നൽകി മത്സരലേലത്തിലൂടെ വാങ്ങിയ ഈ ഉപകരണം, ഇത്തവണ ഒരു മത്സരവുമില്ലാതെ പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിക്ക് നൽകാൻ തീരുമാനിച്ചതാണ് വിവാദമായത്. ഹൈദരാബാദിലെ നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ക്യാമ്പസിൽ പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഐന്ദ്രി ഡിഫൻസിന്റെ അഡ്വൈസറി ഓഫീസ് പൂട്ടിയിട്ട നിലയിലാണെന്നും സ്വന്തമായി നിർമ്മാണ ആസ്തികളോ ഉപകരണങ്ങളോ ഇല്ലെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.
ബി.ഡി.എല്ലിൽ നിന്ന് നാല് വർഷത്തെ സേവനത്തിന് ശേഷം 2023 മാർച്ച് മാസം വിരമിച്ച മുൻ മേധാവി സിദ്ധാർത്ഥ് മിശ്രയും ഭാര്യ ശാംഭവിയും ചേർന്ന് 2024 മെയ് മാസത്തിലാണ് ഐന്ദ്രി ഡിഫൻസ് അഡ്വൈസറി സ്ഥാപിക്കുന്നത്. തുടക്കത്തിൽ ഇരുവർക്കും 50 ശതമാനം വീതം ഓഹരിയാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. പിന്നീട് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സാങ്കേതിക അംഗമായി നിയമിതനായതോടെ സിദ്ധാർത്ഥ് മിശ്ര ഡയറക്ടർ സ്ഥാനമൊഴിഞ്ഞു. നിലവിൽ കമ്പനിയുടെ 95 ശതമാനം ഓഹരിയും ഭാര്യ ശാംഭവിയുടെയും ബാക്കി 5 ശതമാനം മറ്റൊരു ഡയറക്ടറായ കൗശികി നന്ദൻ വാത്സ്യായനന്റെയും പേരിലാണ്. 30 വർഷത്തിലധികം ഇന്ത്യൻ നേവിയിൽ ജോലി ചെയ്ത എൻജിനീയറാണ് സിദ്ധാർത്ഥ് മിശ്ര. ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം 2019-ൽ ബി.ഡി.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേൽക്കുന്നത്. കരാറിനെ കുറിച്ച് ഐന്ദ്രി ഡിഫൻസ് അഡ്വൈസറി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam