അവസാനനിമിഷങ്ങളിൽ മുതിർന്ന നേതാക്കളടക്കം നേരിട്ടെത്തി അനുനയ ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഏറ്റവുമൊടുവിൽ മുംബൈയിൽവെച്ച് രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും ഉൾപ്പെടെയുള്ള നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്.

ദില്ലി: തലസ്ഥാനത്തുനിന്ന് ചെന്നൈയിലേക്കും പിന്നാലെ മുംബൈയിലേക്കുമുള്ള മണിക്കൂറുകൾ നീണ്ട യാത്രകൾ. അതിനിർണായക ചർച്ചകൾ. പക്ഷേ, എല്ലാം വിഫലം. പാർലമെന്റിൽ വരാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ നൽകാനുള്ള തീരുമാനത്തിൽനിന്ന് ഡിഎംകെയെയും എൻസിപി(എസ്പി)യെയും പിന്തിരിപ്പിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. അവസാനനിമിഷങ്ങളിൽ മുതിർന്ന നേതാക്കളടക്കം നേരിട്ടെത്തി അനുനയ ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഏറ്റവുമൊടുവിൽ മുംബൈയിൽവെച്ച് രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും ഉൾപ്പെടെയുള്ള നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽവെച്ച് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള പാർട്ടി തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്നാണ് ശരദ് പവാർ ഇന്ത്യാസഖ്യ നേതാക്കളെ അറിയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി ഞായറാഴ്ച രാത്രി റിപ്പോർട്ട് ചെയ്തത്. അതേസമയം, എൻസിപി നേതാക്കളോ ഇന്ത്യാസഖ്യ നേതാക്കളോ തിങ്കളാഴ്ച പുലർച്ചെവരെ ഇത്തരം തീരുമാനത്തെക്കുറിച്ച് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖർ​ഗെ, മമതാ ബാനർജി, ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെ, കോൺ​ഗ്രസ് മുഖ്യമന്ത്രിമാരായ ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയവരാണ് മുംബൈയിലെ ആശുപത്രിയിൽ കഴിയുന്ന ശരദ് പവാറുമായി ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. ഇന്ത്യാസഖ്യ നേതാക്കൾ മുംബൈയിൽ എത്തുന്നതിന് മുൻപേ സുപ്രിയ സുലെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ദില്ലിയിലേക്ക് യാത്രതിരിച്ചിരുന്നു.

തങ്ങളുടെ പോരാട്ടം തുടരുകയാണെന്നും എല്ലാം നല്ലതുപോലെ നടക്കുന്നുണ്ടെന്നും മാത്രമാണ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. ശരദ് പവാർ ഇന്ത്യാ സഖ്യത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ശരദ് പവാർ എന്നും മതേതര സഖ്യത്തിനൊപ്പം നിലകൊണ്ടയാളാണെന്നും ഡി കെ ശിവകുമാറും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ബില്ലിനെ പിന്തുണയ്ക്കാനുള്ള പാർട്ടി തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്നാണ് പവാർ ഇന്ത്യാസഖ്യ നേതാക്കളെ അറിയിച്ചതെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. ഇതോടെ പാർലമെന്റിലെ വോട്ടെടുപ്പിൽ എൻസിപി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ഉറപ്പായതായും റിപ്പോർട്ടുകളിൽ പറയുന്നു.

നേരത്തെ സോണിയ ​ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യ നേതാക്കൾ ചെന്നൈയിലെത്തി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല. മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിക്കരുതെന്ന് ഇന്ത്യാസഖ്യ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഡിഎംകെ അധ്യക്ഷൻ വഴങ്ങിയില്ല. തമിഴ്നാടിന്റെ താത്പര്യം മുൻ നിർത്തിയാണ് തീരുമാനമെടുത്തതെന്നായിരുന്നു എം കെ സ്റ്റാലിൻ ഇന്ത്യാസഖ്യ നേതാക്കളെ അറിയിച്ചത്. സംസ്ഥാനങ്ങളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ മാറ്റമൊന്നും വരുത്താതെ 50 ശതമാനം വർധനവ് ഉറപ്പുനൽകുന്ന ബില്ലിൽ തങ്ങൾ സംതൃപ്തരാണെന്ന് എം കെ സ്റ്റാലിനും ശരദ് പവാറും ഒരുപോലെ ഇന്ത്യാസഖ്യ നേതാക്കളെ അറിയിച്ചതായും റിപ്പോർട്ടുകളിലുണ്ട്.

എൻസിപി(എസ്പി)ക്ക് ലോക്സഭയിൽ എട്ട് അം​ഗങ്ങളാണുള്ളത്. ഡിഎംകെയ്ക്ക് 22 എംപിമാരുമുണ്ട്. ഈ രണ്ട് പാർട്ടികളുടെ പിന്തുണയും ഉറപ്പായതോടെ എൻഡിഎയ്ക്ക് 361 മുതൽ 371 വരെ വോട്ടുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഭരണഘടനാ ഭേദ​ഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 വോട്ടുകളാണ് വേണ്ടത്. ഡിഎംകെയ്ക്കും എൻസിപി(എസ്പി)യ്ക്കും പുറമേ തൃണമൂൽ വിട്ട് എൻസിപിഐയിൽ ലയിച്ച എംപിമാരുടെയും വൈഎസ്ആർ കോൺ​ഗ്രസിന്റെയും ശിവസേന ഉദ്ധവ് വിഭാ​ഗത്തിൽനിന്ന് വിട്ട് ഷിന്ദേ വിഭാ​ഗത്തിലെത്തിയ എംപിമാരുടെയും പിന്തുണ ലഭിക്കുമെന്നും എൻഡിഎ കണക്കുക്കൂട്ടുന്നു.