
പൂനെ: ക്ഷേത്രോൽസവത്തോട് അനുബന്ധിച്ച് നടന്ന മേളയിൽ നിന്ന് വാങ്ങിയ ബെഡ്ഷീറ്റിൽ മെയ്ഡ് ഇൻ പാകിസ്ഥാൻ ലേബൽ. പൂനെയിൽ അന്വേഷണം. മേളയിൽ നിന്ന് വാങ്ങിയ ബെഡ്ഷീറ്റ് കഴുകിയപ്പോഴാണ് മെയ്ഡ് ഇൻ പാകിസ്ഥാൻ ലേബൽ തെളിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിംപ്രി ചിഞ്ച്‌വാഡിലെ ചിഞ്ച്‌വാഡ് പ്രദേശത്താണ് സംഭവം. മോര്യ ഗോസാവി ക്ഷേത്ര സമുച്ചയത്തിന് സമീപം നടന്ന സങ്കഷ്ടി ചതുർത്ഥി മേളയ്ക്കിടയിലാണ് പരാതിക്കാരിയായ സ്ത്രീ ഈ ബെഡ്ഷീറ്റ് വാങ്ങിയത്. സാധനം വാങ്ങുന്ന സമയത്ത് പ്രത്യേകതകളൊന്നും ആ സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ വീട്ടിലെത്തിച്ച് ഈ ബെഡ്ഷീറ്റ് കഴുകിയപ്പോഴാണ് തുണിയിൽ മെയ്ഡ് ഇൻ പാകിസ്ഥാൻ എന്ന് രേഖപ്പെടുത്തിയ ടാഗ് പ്രത്യക്ഷപ്പെട്ടത്. ഈ കണ്ടെത്തലിൽ ആശങ്കാകുലയായ അവർ ഒരു വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. പാകിസ്ഥാനിൽ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന ഒരു ഉൽപ്പന്നം എങ്ങനെയാണ് മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക വിപണിയിൽ എത്തിയതെന്ന് അവർ വീഡിയോയിലൂടെ ചോദിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഈ ഉൽപ്പന്നത്തിന്റെ ഉറവിടം കണ്ടെത്താനും, ഇത് എങ്ങനെ മേളയിൽ എത്തിച്ച് വിൽപന നടത്തി എന്ന് വ്യക്തമാക്കാനും പൊലീസ് ഒരു പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിപണിയിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന കച്ചവടക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷന് കത്ത് നൽകുകയും ചെയ്തു.
വലിയ തോതിൽ ഭക്തർ ഒത്തുകൂടിയ സങ്കഷ്ടി ചതുർത്ഥി ആഘോഷങ്ങൾക്കിടയിൽ ബുധനാഴ്ചയാണ് ഈ ബെഡ്ഷീറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ തന്നെ സംഭാജിനഗർ ജില്ലയിൽ മെയ്ഡ് ഇൻ പാകിസ്ഥാൻ ലേബലൊട്ടിച്ച സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകമാണ് പുണെയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ബെഡ്ഷീറ്റിന്റെ യഥാർത്ഥ ഉറവിടം എവിടെയാണെന്നും, ഇത് ആരാണ് വിതരണം ചെയ്തതെന്നും, ഇതിന് പിന്നിൽ വലിയൊരു വിതരണ ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർന്നുള്ള നിയമനടപടികളിലേക്ക് കടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam