
മുംബൈ: രാജ്യത്ത് വ്യാജ വോട്ട് ആരോപണം ഇന്ന് തുടർക്കഥയാണ്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നും ഒരു സ്ത്രീ. ജനുവരി 15ന് നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ തന്നെ വഞ്ചിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി നിർബന്ധിതമായി ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ യുവതി ബീഡ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. പിംപ്രി–ചിഞ്ച്‌വഡിലേക്ക് തന്നെ കൊണ്ടുപോയത് സ്വയം സഹായസംഘത്തിന്റെ യോഗത്തിനും പുണെ ജില്ലയിലെ ജെജൂരിയിലെ ഖണ്ഡോബ ക്ഷേത്ര ദർശനത്തിനുമാണെന്ന് പറഞ്ഞാണെന്നും, വോട്ടിംഗ് നടപടികളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും അവർ ആരോപിച്ചു
ഗേവ്രൈ താലൂക്കിലാണ് ഇവരുടെ വീട്. പരാതിക്കാരിക്കൊപ്പം നിരവധി സ്ത്രീകളെ നാല് ബസുകളിലായി പിംപ്രി–ചിഞ്ച്‌വഡിലേക്ക് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. അവിടെ വച്ച് വോട്ട് ചെയ്യിപ്പിച്ചെന്നും, തുടർന്ന് പൊലീസ് പിടികൂടിയതായും, വോട്ടെടുപ്പ് ദിവസം വൈകിട്ട് ആറുമണിയോടെയാണ് വിട്ടയച്ചതെന്നും സ്ത്രീ വ്യക്തമാക്കി. എന്നെ വഞ്ചിച്ച സ്ത്രീക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും ഇതിനെതിരെ കേസെടുക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും ഇതിന് പ്രതിഫലമായി പണമൊന്നും വാങ്ങിച്ചിട്ടില്ലെന്നും ഇവർ പ്രതികരിച്ചതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. സംഭവം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളെയും കുറിച്ച് വീണ്ടും വലിയ ചർച്ച ഉയർത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam