
ന്യൂയോര്‍ക്ക്: കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഓഗസ്റ്റ് അഞ്ചിന് മുമ്പ് കശ്മീരില്‍ എല്ലാം താറുമാറായ അവസ്ഥയിലായിരുന്നെന്ന് മന്ത്രി പറഞ്ഞു. ആക്രമണങ്ങളും പ്രതിഷേധ പ്രകടനങ്ങളും മൂലം ആളുകളുടെ ജീവന് അപകടമുണ്ടാകരുതെന്നാണ് സര്‍ക്കാരിന്‍റെ പ്രഥമപരിഗണനയെന്നും സുരക്ഷാ നിയന്ത്രണങ്ങള്‍ അതിന്‍റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വയം പ്രഖ്യാപിത തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയെ 2016-ല്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആക്രമണങ്ങള്‍ ഉണ്ടാകാതെ സാഹചര്യം നിയന്ത്രണവിധേയമാക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്'- ജയ്ശങ്കര്‍ പറഞ്ഞു.
നിലവില്‍ കശ്മീരിലെ സാഹചര്യം സാധാരണഗതിയിലായെന്നും പല നിയന്ത്രണങ്ങളും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ജമ്മുകശ്മീരില്‍ 42000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ശ്രീനഗറിലെ തെരുവുകളില്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്.
വിഘടനവാദത്തിനെതിരെ എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈദിന് വീട്ടിലേക്ക് പോയ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ തുടങ്ങിയത് ഓഗസ്റ്റ് അഞ്ചിനല്ല. ഓഗസ്റ്റ് അഞ്ചിന് മുമ്പ് വരെ കശ്മീരിലെ അവസ്ഥ കുഴപ്പം പിടിച്ചതായിരുന്നു. പ്രശ്നങ്ങളെ നേരിടാനുള്ള ഉപാധിയായാണ് കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam