
കൊൽക്കത്ത: സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറിനെതിരെ കേസെടുത്ത് പശ്ചിമ ബംഗാൾ പൊലീസ്. സുകാന്തയെ കൂടാതെ ബിജെപിയുടെ മൂന്ന് എംപിമാരേയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ബിജെപി എംപിമാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് സുകാന്തയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.
മുഖ്യമന്ത്രി മമത ബാനർജിയുടെ ഔദ്യോഗിക വസതിക്ക് സമീപമായിരുന്നു ബിജെപിയുടെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനത്തിൽ നടന്ന അക്രമത്തിൽ പരിക്കേറ്റ ബിജെപി സ്ഥാനാർഥി മനാസ് സാഹ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പ്രമുഖ നേതാക്കൾക്കൊപ്പം ഉപതെരഞ്ഞെടുപ്പിൽ മമതക്കെതിരെ ഭവാനിപ്പൂരിൽ മത്സരിക്കുന്ന പ്രിയങ്ക തിബ്രേവാളിനെതിരെയും കേസെടുത്തിട്ടുണ്ട്.
കലാപത്തിന് ശ്രമിച്ചതിനും അനുവാദമില്ലാതെ തടിച്ചു കൂടിയതിനും ഉദ്യോഗസ്ഥരുടെ കർത്തവ്യനിർവഹണത്തിന് തടസം വരുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. കൊൽക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹവുമായി ബിജെപി പാർട്ടി ഓഫീസിൽ നിന്നും ശ്മശാനത്തിലേക്ക് നീങ്ങുകയായിരുന്ന വിലാപയാത്ര തീർത്തും അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam