പെരുമഴയത്ത് കൊൽക്കത്തയിലെ തെരുവിൽ പ്രകടനം നയിച്ച് മമതാ ബാനർജി, 'ബിജെപി സർക്കാറുകൾ ബം​ഗാളി സംസാരിക്കുന്നവരെ ദ്രോഹിക്കുന്നു'

Published : Jul 16, 2025, 04:51 PM IST
Mamata Banerjee

Synopsis

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ചിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം എന്നിവരുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി മുതിർന്ന നേതാക്കൾ മമത ബാനർജിക്കൊപ്പം ചേർന്നു.

കൊൽക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികൾ നേരിടുന്ന പീഡനങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ തെരുവുകളിൽ നൂറുകണക്കിന് അനുയായികൾക്കൊപ്പം പ്രകടനം നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികളോടുള്ള പെരുമാറ്റരീതിയിൽ തനിക്ക് ലജ്ജയും നിരാശയും തോന്നുന്നുവെന്ന് മമത പറഞ്ഞു. ബംഗാളികളോടുള്ള ബിജെപിയുടെ മനോഭാവത്തിൽ ഞാൻ ലജ്ജിക്കുന്നു. ഇനി മുതൽ ഞാൻ കൂടുതൽ ബംഗാളിയിൽ സംസാരിക്കാൻ തീരുമാനിച്ചു. കഴിയുമെങ്കിൽ എന്നെ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കൂവെന്നും അവർ പറഞ്ഞു.

പ്രതിഷേധ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച മമത, ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാർ റോഹിംഗ്യൻ മുസ്ലീങ്ങളാണെന്ന് തെളിയിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബംഗാളിൽ നിന്നുള്ള 22 ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് സാധുവായ തിരിച്ചറിയൽ രേഖകൾ ഉണ്ടെന്നും വ്യക്തമാക്കി.

ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ചിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം എന്നിവരുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി മുതിർന്ന നേതാക്കൾ മമത ബാനർജിക്കൊപ്പം ചേർന്നു. കൊൽക്കത്തയിലെ കോളേജ് സ്‌ക്വയറിൽ നിന്ന് ഉച്ചയ്ക്ക് 1.45 ഓടെ ആരംഭിച്ച മാർച്ച് മൂന്ന് കിലോമീറ്റർ പിന്നിട്ട് ധർമ്മതലയിലെ ഡോറിന ക്രോസിംഗിൽ മാർച്ച് അവസാനിക്കും. ബാരിക്കേഡുകൾ സ്ഥാപിച്ച നടപ്പാതകളിലും സമീപ കെട്ടിടങ്ങളിലും കാവലിനായി 1,500 ഓളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

ബംഗാളി സംസാരിക്കുന്ന ആളുകളെ ബിജെപി തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചാൽ, ബംഗാൾ തിരഞ്ഞെടുപ്പിൽ അവരെ രാഷ്ട്രീയമായി തടയുമെന്നും മമത മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. നഗരത്തിന്റെ മധ്യഭാഗങ്ങളിലെ നിരവധി പ്രധാന റോഡുകളിൽ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ, ബംഗാളി സംസാരിക്കുന്നവരെ നിയമവിരുദ്ധ കുടിയേറ്റക്കാർ എന്ന് മുദ്രകുത്താനുള്ള ശ്രമങ്ങൾ എന്നിവ ആരോപിച്ച് ടിഎംസി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ബം​ഗാൾ സർക്കാറിനെതിരെ ബിജെപിയും രം​ഗത്തെത്തി. ബംഗാളി സംസാരിക്കുന്ന റോഹിംഗ്യകളുടെയും അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെയും സാന്നിധ്യം സംരക്ഷിക്കുന്നതിനായി സർക്കാറും ടിഎംസിയും പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. സംസ്ഥാനത്ത് ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ബംഗാളി സംസാരിക്കുന്ന അധ്യാപകരുടെ പ്രതിഷേധത്തിന് മമത ബാനർജി ചെവി കൊടുക്കുന്നില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.

"ആത്രി ഭട്ടാചാര്യ, സുബ്രത ഗുപ്ത എന്നീ ബംഗാളി ഉദ്യോഗസ്ഥർക്ക് സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനം നിഷേധിച്ചു. ജൂനിയറായിരുന്നിട്ടും മനോജ് പന്ത് എന്ന ഉദ്യോ​ഗസ്ഥാണ് ചീഫ് സെക്രട്ടറി സ്ഥാനം നൽകിയത്. സംസ്ഥാനത്തിന് പുറത്തുള്ള ജൂനിയറായ രാജീവ് കുമാറിനെ നിയമിച്ച ഡിജിപി സ്ഥാനത്തേക്ക് ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മുഖോപാധ്യായയെ എന്തുകൊണ്ട് അവഗണിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികകളിൽ പരിഷ്കരണം നടത്താനുള്ള തീരുമാനത്തെയും മമത ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈയായാണ് പ്രവർത്തിക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്കരണം ദേശീയ പൗരന്മാരുടെ രജിസ്റ്റർ നടപ്പിലാക്കാനുള്ള പിൻവാതിൽ ശ്രമമാണോയെന്നും മമത ചോദിച്ചു.

PREV
Read more Articles on
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി